Main Menu

ദിലീപുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, സാമ്പത്തിക ഇടപാടുകള്‍ ഇല്ല; ആദ്യ പ്രതികരണവുമായി ആക്രമണത്തിന് ഇരയായ നടി

ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി.തനിക്ക് പ്രതിചേര്‍ക്കപ്പെട്ട ആരുമായും ഭൂമി ഇടപാട് ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും രേഖകള്‍ ഹാജരമാക്കമെന്നും ആക്രമണത്തിന് ഇരയായ നടി പറഞ്ഞു.

‘തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതുകൊണ്ടാണ് ഇതുപറയേണ്ടി വന്നത്. പ്രമുഖ നടനുമായി കുടുംബപരമായ സൗഹൃദമുണ്ടായിരുന്നു. അത് കുറച്ചുനാളുകള്‍ക്ക് ശേഷം ഇല്ലാതാകുകയും ചെയ്തു. ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണ്, ഇതല്ലാതെ മറ്റു ബിസിനസ് ബന്ധങ്ങള്‍ ആരുമായും ഉണ്ടായിട്ടില്ല.

എന്നെ ഉപദ്രവിച്ചവരുടെ പേരുവിവരങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടുമില്ല, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടുകയും നിരപരാധികള്‍ ആണെങ്കില്‍ അവര്‍ കുറ്റവിമുക്തരായി പുറത്തുവരുകയും വേണമെന്നാണ് എന്റെ ആഗ്രഹം. ‘നടി പറഞ്ഞു.

നടിയുടെ പത്രക്കുറിപ്പ് വായിക്കാം:

സുഹൃത്തുക്കളേ,

ഒരു ചാനലിൽ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വന്നത് . ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വളരെ നിർഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു. അത് ഞാൻ സത്യസന്ധതയോടെ കേരള പൊലീസിനെ അറിയിക്കുകയും, അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ നിങ്ങളോരോരുത്തരേയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാൻ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേര് പോലും എവിടെയും സൂചിപ്പിച്ചിട്ടില്ല.

ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാൻ. ഞങ്ങൾ തമ്മിൽ പിന്നീട് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ. ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങൾ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാൻ കഴിഞ്ഞത്.

തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കിൽ അതെത്രയും പെട്ടെന്ന് പുറത്തു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അതു എത്രയും പെട്ടെന്ന് തെളിയട്ടെ. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതിൽ പിന്നെ കേട്ടികൊണ്ടിരിക്കുന്ന മറ്റൊരു കാര്യം ഞാനും ഈ നടനും തമ്മിൽ വസ്തു ഇടപാടുകൾ ഉണ്ടെന്നുള്ളതാണ്.

അങ്ങിനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങൾ തമ്മിലില്ല. ഇത് ഞാൻ മുൻപ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കിൽ അതിനുള്ള ഉത്തരം അതിൽ ഒരു സത്യവസ്ഥയും ഇല്ലാത്തതുകൊണ്ട് ആ വാർത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയത് കൊണ്ടാണ്. ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നത് കൊണ്ടു പറയണമെന്ന് തോന്നി. ഇത് അന്വേഷണ ഉദ്യോഗ‌സ്ഥർക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാൽ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമർപ്പിക്കാൻ തയാറുമാണ്.

ഫെയ്സ് ബുക്ക്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ഞാനില്ലാത്തതുകൊണ്ട് എന്റെ പേരിൽ പ്രചരിക്കുന്ന ഓരോ വിഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാൻ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാർഥതയോടെ ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു എന്ന് ഒരിക്കൽ കൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്