Main Menu

ദിലീപിന് സുരക്ഷാ ഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി; സുരക്ഷാ ഏജന്‍സിയെ നിയമിച്ചതില്‍ ജാമ്യവ്യവസ്ഥാ ലംഘനമുണ്ടെങ്കില്‍ കോടതിയെ അറിയിക്കും

ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ്. സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ കൈവശം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും റൂറല്‍ എസ്പി പറഞ്ഞു. സുരക്ഷാ ഏജന്‍സിയെ നിയമിച്ചതില്‍ ജാമ്യവ്യവസ്ഥാ ലംഘനമുണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിനെയാണ് നടന്‍ ദിലീപിന്റെ  സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദിലീപിന്റെ വീട്ടിലെത്തി സംഘം ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന്  പേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടായിരിക്കും. ജനമധ്യത്തിൽ ദിലീപ് ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസിയാണ് തണ്ടർ ഫോഴ്സ്. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്കാട് ജില്ലകളിൽ ഓഫീസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വൽസനാണ് കേരളത്തിൽ ഏജൻസിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാൻ അധികാരമുള്ള ഈ ഏജൻസിയിൽ 1000ത്തോളം വിമുക്ത ഭടന്മാർ ജോലി ചെയ്യുന്നുണ്ട്.

അതേസമയം സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനകള്‍ക്ക് ശേഷം വിട്ടയച്ചു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്.  “തണ്ടർ ഫോഴ്സി’ന് നിയമപരമായ ലൈസൻസ് ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാൽ വാഹനം വിട്ടയച്ചതായും പൊലീസ് അറിയിച്ചു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്