Main Menu

ദിലീപിന്റെ ഡി സിനിമാസ് പൂട്ടാന്‍ തീരുമാനം

ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയേറ്റര്‍ അടച്ചു പൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. തീയേറ്ററിന് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെയാണ് തീയേറ്റര്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്.

ഡി സിനിമാസിന് നിര്‍മ്മാണ അനുമതി നല്‍കിയ കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന പ്രത്യേക മുന്‍സിപ്പാലിറ്റി യോഗത്തിലാണ് അടച്ചൂ പൂട്ടല്‍ തീരുമാനമുണ്ടായത്. നിര്‍മ്മാണ അനുമതി തേടി നഗരസഭയ്ക്ക് സമര്‍പ്പിച്ച മൂന്നോളം പ്രധാനരേഖകള്‍ വ്യാജമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

35 സെന്റ് സ്ഥലം തോട് പുറമ്പോക്കാണ്. ബാക്കി സ്ഥാലം വലിയ തമ്പുരാന്‍ കോവിലകം വകയും. സ്ഥലത്തിന് ആദ്യമായി പോക്കുവരവ് ചെയ്ത് കരമടച്ചത് 2005ലാണ്. ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ വീണ്ടും അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം 2015ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് ലോകായുക്ത നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്. മുന്‍ ഉടമകളടക്കം മറ്റു 13 പേര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതിനിടെ, കയ്യേറ്റം നടന്നിട്ടുണ്ടോ എന്നു കണ്ടെത്താനായി ജില്ലാ സർവേയർ അടുത്ത ആഴ്ച സർവേ തുടങ്ങും. ദിലീപ് അടക്കം ഏഴു പേർക്കു രേഖകളുമായി എത്താൻ നോട്ടിസ് അയച്ചിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനയിൽ കയ്യേറ്റം ഇല്ലെന്നായിരുന്നു കണ്ടെത്തൽ. ദിലീപ് വാങ്ങുന്നതിനു മുൻപ് ഏഴു തവണ ഈ ഭൂമി കൈമാറിയിട്ടുണ്ട്. അപ്പോഴെല്ലാം ഉടമകളുടെ പേരിൽ നികുതിയും അടച്ചിട്ടുണ്ട്.

90 സെന്റിൽനിന്ന് ഒന്നര സെന്റ് സ്ഥലം ദേശീയപാതയ്ക്കായി വിട്ടുകൊടുത്തിരുന്നു. വിട്ടുകൊടുത്ത ഭൂമിയുടെ രേഖയിൽ പുറമ്പോക്ക് എന്നു രേഖപ്പെടുത്തിയപ്പോൾ ദിലീപിന്റെ ഭൂമിയിലും പുറമ്പോക്ക് എന്നു രേഖപ്പെടുത്തിയിരുന്നു. അതു പിന്നീടു തിരുത്തി വാങ്ങിയിട്ടുണ്ട്. എന്നാൽ കൈമാറ്റങ്ങളെല്ലാം പുറമ്പോക്കു ഭൂമി ഉപയോഗിച്ചാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. ഏഴ് ആധാരങ്ങളിൽ നിന്നാണു ഭൂമി വാങ്ങിയിരിക്കുന്നത്.

ഇതിനിടെ തിയറ്റർ നിർമാണവുമായി ബന്ധപ്പെട്ട രണ്ടു രേഖകൾ ചാലക്കുടി നഗരസഭ ഓഫിസിൽനിന്ന് അപ്രത്യക്ഷമായി. നിർമാണാനുമതിക്കായി സമർപ്പിച്ച കൈവശാവകാശ രേഖയും ഭൂമിയുടെ സ്കെച്ചുമാണു കാണാതായത്. തിയറ്റർ നിർമിച്ചതു കയ്യേറ്റ ഭൂമിയിലാണെന്ന ആരോപണത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവ ഫയലിൽ ഇല്ലെന്നു കണ്ടെത്തിയത്. നേരത്തെ ഇവ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്