Main Menu

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനൊരുങ്ങി ബിജെപി; ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഒരുക്കങ്ങള്‍ വിലയിരുത്താനായി ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കമാകും. ഡല്‍ഹിയില്‍ ചേരുന്ന രണ്ട് ദിവസത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. പട്ടികവിഭാഗത്തെ കൂടെ നിര്‍ത്തി കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ബൃഹദ് പ്രചാരണ പദ്ധതിക്ക് തുടക്കമിടും.

തിരഞ്ഞെടുപ്പ് പടിവാതില്‍എത്തിനില്‍ക്കെ ബി.ജെ.പിക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. കോണ്‍ഗ്രസിന് പിന്നില്‍ പ്രതിപക്ഷകക്ഷികള്‍ ഒരോന്നായി അടിയുറച്ച് നിന്നാല്‍ അധികാരതുടര്‍ച്ചയെന്ന മോദിയുടെ സ്വപ്നം ബാലികേറാമലയാകും. ഇതുമറികടക്കാന്‍ എന്‍.ഡി.എ വിപുലീകരണമാണ് അമിത്ഷാ മുന്നോട്ടുവെച്ച പോംവഴി. ഇതിനായി പ്രാദേശികതലത്തില്‍ കൂടുതല്‍ കക്ഷികളെ കൂടെകൂട്ടാനായി ചില വിട്ടുവീഴ്ചകള്‍ക്കും ബി.ജെ.പി തയ്യാറായേക്കും. പട്ടികവിഭാഗത്തെ കൂടെ കൂട്ടാനായുള്ള പ്രചാരണപരിപാടി ഊര്‍ജിതമാകുമ്പോള്‍ ഉറച്ചവോട്ടുബാങ്കായ മുന്നാക്ക വിഭാഗങ്ങള്‍ കൈവിടുമെന്ന ആശങ്കയും അമിത്ഷായ്ക്കുണ്ട്.

ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രിമാര്‍ക്കും സംസ്ഥാനനേതൃത്വത്തിനും ദേശീയഅധ്യക്ഷന്റെ കര്‍ശനനിര്‍ദേശമുണ്ട്. ഏറെ നിര്‍ണായകമായ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസിന്റെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തിയാകും പ്രചാരണം ഊര്‍ജിതമാക്കുക. അസം പൗരത്വ രജിസ്റ്റര്‍ മുന്‍നിര്‍ത്തി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ഒറീസയിലും പ്രതിപക്ഷനീക്കങ്ങളെ തടയിടാനാകുമെന്ന് നേതൃത്വം വിശ്വസിക്കുന്നു.

രാജ്യവ്യാപകമായി പൗരത്വരജിസ്റ്റര്‍ നടപ്പാക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. അടിക്കടിയുള്ള ഇന്ധനവിലവര്‍ധനവ് പിടിച്ചുനിര്‍ത്താനുള്ള നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ഇതോടൊപ്പം കേന്ദ്രമന്ത്രിമാരുടെ നാലുവര്‍ഷത്തെ പ്രവര്‍ത്തനവും യോഗം വിലയിരുത്തും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്