Main Menu

തറപ്പിച്ച് പറയാത്ത ‘നോ’ ലൈംഗിക ബന്ധത്തിനുള്ള സമ്മതമെന്ന് കോടതി

തറപ്പിച്ച് പറയാത്ത നോ, യേസ് തന്നെയെന്ന് കോടതി. പീഡനക്കേസില്‍ നിന്ന് സംവിധായകന് രക്ഷയായത് കോടതിയുടെ ഈ നിരീക്ഷണം. സമ്മതമല്ലെന്ന് തറപ്പിച്ച് പറഞ്ഞില്ലെങ്കില്‍ അത് ലൈംഗിക ബന്ധത്തിനുള്ള അനുമതിയായി കാണാമെന്നും കോടതി. ഗവേഷക വിദ്യാര്‍ത്ഥിനിയായ അമേരിക്കന്‍ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബോളിവുഡ് ചിത്രമായ പിപ്പിലീ ലൈവ് സഹ സംവിധായകന്‍ മുഹമ്മദ് ഫറൂഖിയ്ക്കാണ് കോടതിയുടെ ഈ നിരീക്ഷണം രക്ഷയായത്.

മഹമൂദ് ഫാറൂഖിക്ക് വിചാരണക്കോടതി നല്‍കിയ ഏഴുവര്‍ഷം തടവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കുറ്റവിമുക്തനാക്കിയത്. ഹര്‍ജിക്കാരി നല്‍കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്ന് ജസ്റ്റിസ് അഷുതോഷ് കുമാര്‍ നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തില്‍ ഉറപ്പിച്ച് വിസമ്മതം പ്രകടിപ്പിച്ചില്ലെങ്കില്‍ അത് സമ്മതമായി കരുതാമെന്നും. പ്രസ്തുത കേസില്‍ യുവതിയും ഫറൂഖിയും തമ്മില്‍ നേരത്തെ പരിചയം ഉള്ളവരായിരുന്നതിനാല്‍ യുവതി വിസമ്മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തന്നെ അത് എത്രമാത്രം ശക്തമായിരുന്നുവെന്ന് പറയാനാകില്ലെന്നും, സ്ത്രീകളുടെ ശക്തമല്ലാത്ത വിസമ്മതത്തെ അനുമതിയായി പരിഗണിക്കാമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

പരിചയക്കാരായതിനാലും വെറുതെ ഒരു നോ പറഞ്ഞിരിക്കാമെങ്കിലും അതിനെ പൂര്‍ണമായ ഒരു വിസമ്മതമായി കാണാനാകില്ല. 2015 മാര്‍ച്ചില്‍ ദക്ഷിണ ഡല്‍ഹിയിലെ വീട്ടില്‍വെച്ച് ഫാറൂഖി പീഡിപ്പിച്ചെന്നാരോപിച്ചാണ് യുവതി പരാതിനല്‍കിയത്. ഡല്‍ഹി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ വിചാരണക്കോടതി ഫാറൂഖിയെ ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചു. ഇതിനെതിരേ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.

പീഡനം നടന്നിട്ടുണ്ടെങ്കില്‍ അത് പരാതിക്കാരിയുടെ സമ്മതത്തോടെയാണെന്നും ആരോപണം സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു. പീഡനം നടന്നെന്ന യുവതിയുടെ വാദം ഫാറൂഖിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ നിഷേധിച്ചു. അത്തരമൊരു സംഭവം പരാതിയില്‍ പറയുന്ന ദിവസം സംഭവിച്ചിട്ടില്ല. പരാതി നല്‍കുന്നതിനുമുമ്പ് ഫാറൂഖി യുവതിക്ക് സന്ദേശം അയച്ചിരുന്നുവെന്ന വാദം പരാമര്‍ശിച്ച്, 2015 ജനുവരി മുതല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നതായി അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

ഇതിനെ എതിര്‍ത്ത ഡല്‍ഹി പോലീസിന്റെ അഭിഭാഷകന്‍ പീഡനം നടന്നതായി വാദിച്ചു. ഫാറൂഖിക്ക് ജയില്‍ശിക്ഷ വിധിച്ച വിചാരണക്കോടതി അതിനുള്ള കാരണങ്ങള്‍ വിധിപ്രസ്താവത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2016 ഓഗസ്റ്റ് നാലിനാണ് വിചാരണക്കോടതി ഫാറൂഖിയെ ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും ശിക്ഷിച്ചു. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥിയായ യുവതിയെ സുഖ്‌ദേവ് വിഹാറിലെ വീട്ടില്‍ ലഹരിയിലായിരുന്ന ഫാറൂഖി പീഡിപ്പിച്ചെന്നാണ് കേസ്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്