Main Menu

തമ്മിലടിച്ച് ട്രംപും പെലോസിയും; മെക്‌സിക്കന്‍ മതില്‍ പ്രതിസന്ധി വഴിത്തിരിവിലേക്ക്

അമേരിക്ക: മെക്‌സിക്കന്‍ മതിലിനെ ചൊല്ലിയുള്ള അമേരിക്കയിലെ ട്രഷറി സ്തംഭനത്തിന് പിന്നാലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്പീക്കര്‍ നാന്‍സി പെലൊസിയും നേര്‍ക്കുനേര്‍. യുഎസ് കോണ്‍ഗ്രസില്‍ വാര്‍ഷിക പ്രസംഗം നടത്തുന്നതില്‍ നിന്ന് ട്രംപിനെ പെലോസി തടഞ്ഞപ്പോള്‍, സ്പീക്കറുടെ അഫ്ഗാന്‍ സന്ദര്‍ശനം തടഞ്ഞ് ട്രംപ് തിരിച്ചടിച്ചു.

മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തെ ചൊല്ലി അമേരിക്കയില്‍ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മില്‍ തുടരുന്ന പോരാട്ടം വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.യുഎസ് കോണ്‍ഗ്രസില്‍ വാര്‍ഷിക പ്രഭാഷണം നടത്താനുള്ള ട്രംപിന്റെ അവകാശത്തെ ഡെമോക്രാറ്റ് അംഗം കൂടിയായ സ്പീക്കര്‍ പെലൊസി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.

ട്രഷറി സ്തംഭനത്തെ തുടര്‍ന്ന് രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കേ, വാര്‍ഷിക പ്രസംഗം നീട്ടിവയ്ക്കുന്നതാകും നല്ലതെന്നായിരുന്നു പെലോസ് അഭിപ്രായപ്പെട്ടത്.എന്നാല്‍ ഇതിനു പിന്നാലെ നിലപാട് കടുപ്പിച്ച് ട്രംപും രംഗത്തെത്തി. ബ്രസല്‍സും അഫ്ഗാനും സന്ദര്‍ശിക്കാനുള്ള പെലോസിയുടെ നീക്കത്തിനാണ് പ്രസിഡന്റ് തടയിട്ടത്.

യാത്രയ്ക്ക് അമേരിക്കയുടെ സൈനിക വിമാനം നിഷേധിച്ച ട്രംപ് അതിര്‍ത്തി സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തില്‍ സഹകരിക്കാന്‍ പെലോസി വാഷിംഗ്ടണില്‍ തുടരുന്നതാണ് നല്ലതെന്ന് തിരിച്ചടിച്ചു. സ്വകാര്യ സന്ദര്‍ശനവുമായി പെലോസിക്ക് മുന്നോട്ടുപോകാവുന്നതാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പോരിനിടയിലും യുഎസില്‍ ട്രഷറി സ്തംഭനം തുടരുകയാണ്. വേതനമില്ലാതെ ജോലി ചെയ്യേണ്ട ഗതികേടിലാണ് രാജ്യത്തെ എട്ട് ലക്ഷത്തോളം ജീവനക്കാര്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്