Main Menu

തച്ചങ്കരിയുടെ നിയമനത്തില്‍ സംശയമുയര്‍ത്തി ഹൈക്കോടതി

കൊച്ചി: അതീവ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് ടോമിന്‍ ജെ തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയോ എന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ കൊടുത്ത എതിര്‍ സത്യവാങ്മൂലത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, ജൂലൈ 10നകം സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

തച്ചങ്കരിക്ക് പൊലിസ് ആസ്ഥാനത്തെ ഭരണ നിര്‍വഹണ ചുമതലയുള്ള എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതിനെതിരായ ഹരജിയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതി അതൃപ്തി അറിയിച്ചത്. തച്ചങ്കരിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും വ്യക്തത വരുത്തിയിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജേക്കബ് തോമസിന്റെ ശുപാര്‍ശയില്‍ എന്തുനടപടിയെടുത്തെന്ന് ഇതോടെ കോടതി ചോദിച്ചു.

തച്ചങ്കരിയെ എ.ഡി.ജി.പിയായി നിയമിച്ചതും പൊലിസിലെ കൂട്ട സ്ഥലം മാറ്റവും ചോദ്യം ചെയ്ത് ആലപുഴ സ്വദേശി ജോസ് തോമസ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.

ടോമിന്‍ ജെ. തച്ചങ്കരിയ്ക്ക് എ.ഡി.ജി.പിയായിരിക്കാന്‍ മതിയായ യോഗ്യതകളുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. നിയമനം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണ്. തച്ചങ്കരിയ്ക്ക് ക്രമസമാധാന ചുമതലയില്ല. ഭരണപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്