Main Menu

ഡിവൈഎസ്പി ഹരികുമാറിനെതിരെ കൈക്കൂലി കേസില്‍ വകുപ്പ് തല നടപടി പൂഴ്തിവച്ചതായി ആരോപണം

തിരുവനന്തപുരം: കേരളാ പൊലീസില്‍ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടും ഒരു ശിക്ഷയും നേരിടേണ്ടി വന്നിട്ടില്ലാത്ത പൊലീസോഫീസറാണ് ഡിവൈഎസ്പി ഹരികുമാര്‍. സനല്‍ കുമാര്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്സ്പി ഹരികുമാറിന് എതിരെ കൊല്ലം ക്രൈംബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടും പൂഴ്തിവച്ചതായി ആരോപണം. കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ കൊല്ലം കടമ്പാട്ടുകോണം സ്വദേശിയായ യുവാവിനെ കള്ള കേസ്സില്‍ ജയലില്‍ അടച്ച സംഭവത്തെ കുറിച്ച് ക്രൈബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടിന്മേല്‍ ഹരികുമാറിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് ആക്ഷേപം.

2015 -ല്‍ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ കടമ്പാട്ടുകോണം സ്വദേശിയായ ആര്‍ സുനിലിനെ അന്ന് കടക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ബി ഹരികുമാര്‍ കസ്റ്റഡിയിലെടുത്തു. കേസ്സ് ഇല്ലാതാക്കാന്‍ സുനിലിനോട് ഹരികുമാര്‍ കൈകൂലി ആവശ്യപ്പെട്ടു. കൈകൂലി നല്‍കാത്തതിന്റെ പേരില്‍ സുനിലിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കാണിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിക്ക് സുനില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

കൊല്ലം ക്രൈബ്രാഞ്ച് ഡിവൈഎസ്സ്പി ആയിരുന്ന ജെ. കിഷോര്‍ കുമാര്‍ നടത്തിയ അന്വേഷണത്തില്‍ ഹരികുമാര്‍ കുറ്റാക്കാരാനാണന്ന് കണ്ടെത്തി. ഹരികുമാറിന് എതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും വ്യാജകേസ്സ് ചമച്ചതിന്റെ പേരില്‍ വകുപ്പ് തല നടപടിയും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വകുപ്പ് തലത്തില്‍ ഒരു നടപടിയും ബി ഹരികുമാറിന് എതിരെ ഉണ്ടായില്ല.

പരാതിക്കാരനായ സുനിലിന്റെ ഭാര്യയുടെ കയ്യില്‍ നിന്നും സിദ്ദപ്പന്‍ എന്ന ഗുണ്ടയെ ഉപയോഗിച്ച് ഹരികുമാര്‍ കൈകൂലി വാങ്ങിയെന്നും സുനില്‍ പറയുന്നു. വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസ്സെടുത്ത എസ്‌ഐക്ക് എതിരെയും നടപടി ശുപാര്‍ശ ചെയ്യതിരുന്നു. ഹരികുമാര്‍ ചാര്‍ജ് ചെയ്യത കേസില്‍ സുനിലിന് എതിരെയുള്ള കുറ്റപത്രം ഇതുവരെയായും കോടതിയില്‍ നല്കിയിട്ടില്ല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്