Main Menu

ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍; മൃതദേഹം കണ്ടെത്തിയത് കല്ലമ്പലത്തെ വീട്ടില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.  തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് കീഴടങ്ങാനായി ഇന്നലെ ഡിവൈഎസ്പി വീട്ടിലെത്തിയിരുന്നതായാണ് വിവരം. ഭാര്യയുടെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്.

അതേസമയം ദൈവത്തിന്റെ വിധി നടപ്പായെന്ന് സനല്‍ കുമാറിന്റെ ഭാര്യ വിജി പറഞ്ഞു.

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണെന്നായിരുന്നു റിപ്പോര്‍ട്ട്.  കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാര്‍ കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ഡിവൈഎസ്പി ഹരികുമാര്‍  മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിക്കൊണ്ട്  തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് പ്രതിയുടെ ആത്മഹത്യ. നാളെയാണ് ഡിവൈഎസ്പി ഹരികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ വകുപ്പുകള്‍ ഹരികുമാറിനെതിരെ ചുമതത്തിയിരുന്നു.

ഈ മാസം അഞ്ചാം തീയതി രാത്രി കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല.

ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിന് മുന്നിലേക്കാണ് വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്