Main Menu

ഡല്‍ഹിയിലെ നഴ്‌സുമാരുടെ സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് യുഎന്‍എ

ന്യൂഡല്‍ഹി: ഡല്‍ഹി ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് യുഎന്‍എ. സമരം ഒത്തുതീര്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും യുഎന്‍എ അറിയിച്ചു. യുഎന്‍എയുടെ ഡല്‍ഹി ഘടകം നാളെ ഔദ്യോഗികമായി രൂപീകരിക്കും.

അപ്രതീക്ഷിത പിരിച്ചുവിട്ടലിനെ തുടര്‍ന്ന് മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്നാണ് ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. അപകടനില തരണം ചെയ്ത നഴ്‌സ് ഇപ്പോള്‍ എയിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തൊഴില്‍ സംബന്ധമായി ആശുപത്രിയില്‍നിന്നു നേരിടുന്ന പീഡനത്തെക്കുറിച്ച് നഴ്‌സുമാര്‍ നേരത്തേതന്നെ ഡല്‍ഹി സര്‍ക്കാരിനു പരാതി നല്‍കിയിരുന്നു.

നഴ്‌സുമാരില്‍ ചിലരെ ആശുപത്രി അധികൃതര്‍ അകത്തു പൂട്ടിയിട്ടതായി സമരം നടത്തുന്ന നഴ്‌സുമാര്‍ അറിയിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങേണ്ട നഴ്‌സുമാരെയാണു പൂട്ടിയിട്ടത്. സമരത്തില്‍ പങ്കെടുക്കാതിരിക്കാനാണു പൂട്ടിയിട്ടിതെന്നു നഴ്‌സുമാര്‍ പറയുന്നു. ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാരാണ് ഇവരെ പൂട്ടിയിട്ടത്. രാവിലെ എട്ടുമണിക്ക് കന്റീനില്‍ ഭക്ഷണം കഴിക്കാന്‍ പോയശേഷം തിരികെ ആശുപത്രിക്കു പുറത്തേക്കിറങ്ങാന്‍ ഒരുങ്ങിയപ്പോഴാണു പൂട്ടിയിട്ടതായി വ്യക്തമായത്. ഇവരെ ഡബിള്‍ ഡ്യൂട്ടി എടുക്കാന്‍ നിര്‍ബന്ധിക്കുന്നതായും നഴ്‌സുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍  ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.  രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് ആശുപത്രി അടച്ചിടാനാണു നീക്കമെന്നും സൂചനയുണ്ട്. ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണു മാനേജ്‌മെന്റിന്റെ നിലപാട്. അതേസമയം, ആശുപത്രിക്കു പുറത്ത് മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവര്‍ സമരം ചെയ്യുന്നുണ്ട്.

കഴിഞ്ഞ കുറച്ചുനാളുകളായി കാരണമൊന്നും പറയാതെ കരാര്‍ പുതുക്കാതെ ഇരുപതില്‍പരം നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചു ജൂലൈ അവസാനം നഴ്‌സുമാര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തി. എട്ടുദിവസത്തെ സമരം ഡല്‍ഹി തൊഴില്‍മന്ത്രി ഗോപാല്‍ റായിയുടെ ഇടപെടലിലൂടെ അവസാനിപ്പിച്ചെങ്കിലും പിന്നീട് സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാരനടപടികള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നു വന്നതാണ് വീണ്ടും പ്രകോപനമുണ്ടാക്കിയത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്