Main Menu

ഡയറ്റിങ് തുടങ്ങുന്നതിന് മുമ്പ് അറിയേണ്ട 9 കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാൻ വിവിധതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. എന്നാൽ ഈ ഡയറ്റുകൾ ഇണങ്ങുന്നത് തന്നെയാണോ എന്ന് മനസിലാക്കാതെയാണ് പലരും ഡയറ്റ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. ക്യത്യമായ ധാരണകളില്ലാതെ ഡയറ്റിങ് ചെയ്യുന്നവർ സ്വന്തം ശരീരത്തിന്റെ ആരോ​ഗ്യം അപകടത്തിൽപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് കൂടി ഒാർക്കണം. അത് കൊണ്ട് ഭാരം കുറയ്ക്കാൻ ഡയറ്റിങ് തുടങ്ങുന്നതിന് മുമ്പ് ചില  കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്…

ഒന്ന്…

ഉയരം, തൂക്കം, പ്രായം, ശാരീരിക അധ്വാനം, ചെയ്യുന്ന ജോലി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡയറ്റ് ചിട്ടപ്പെടുത്തേണ്ടത്. അതിനാൽ ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഒരു വിദ​ഗ്ധ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം മാത്രമേ ഭക്ഷണക്രമം തീരുമാനിക്കാവൂ.

രണ്ട്…

ബിഎംഐ മാത്രം അടിസ്ഥാനമാക്കിയല്ല ഡയറ്റ് പ്ലാൻ ചെയ്യേണ്ടത്, ഒാരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റ് തിരഞ്ഞെടുക്കേണ്ടത്.

മൂന്ന്…

എന്തെങ്കിലും തരത്തിലുള്ള അസുഖമുള്ളവർ ഭാരം കുറയ്ക്കാൻ ഡയറ്റിങ് ചെയ്യുന്നത് അപകടകരമായി മാറാം. അതിനാൽ അവർ ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ ഡയറ്റിങ് ചെയ്യാൻ പാടുള്ളൂ.

നാല്…

ഡയറ്റിങ് തുടങ്ങുമ്പോൾ ദിവസവും കുറഞ്ഞത് ഒന്നര രണ്ടു ലിറ്റർ വെള്ളം കുടിക്കണം. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറംതള്ളാൻ ഇത് സഹായിക്കും.

അഞ്ച്…

ഒരിക്കലും ഡയറ്റ് പ്ലാൻ സ്വയം തയ്യാറാക്കി പിൻതുടരുത്. ഇത് മിക്കപ്പോഴും ശരീരത്തിന് ഹാനികരമായ പല അവസ്ഥകൾക്കും കാരണമായേക്കാം.

ആറ്…

സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കപ്പെടുന്ന ഡയറ്റ് പ്ലാനുകളെല്ലാം സുരക്ഷിതമാണെന്ന് കരുതരുത്. അതിനാൻ പിൻതുടരുന്ന ശീലം ഒഴിവാക്കുക.

ഏഴ് …

ഒരു ഡയറ്റ് പ്ലാൻ പിൻതുടർന്നുകൊണ്ടു മാത്രം ശരീരഭാരം കുറയ്ക്കുന്ന രീതിശരിയല്ല. ഡയറ്റ് പ്ലാനിനൊപ്പം വ്യായാമവും അനിവാര്യമാണ്. കുറഞ്ഞത് ആഴ്ച്ചയിൽ നാലോ അഞ്ചോ ദിവസമെങ്കിലും 30 – 40 മിനിറ്റ് ദെെർഘ്യമുള്ള വ്യായാമങ്ങളിൽ ഏർപ്പെടണം. ഒാരോ വ്യക്തിയുടെയും ശരീരപ്രകൃതം അനുസരിച്ച് ഒരു മാസം രണ്ടു മുതൽ നാലു കിലോ​ഗ്രാം വരെ ഭാരം കുറയ്ക്കാൻ സാധിക്കും. ഇതിൽ കൂടുതൽ ശരീരഭാരം ഒരു മാസത്തിൽ കുറയ്ക്കാൻ ശ്രമിക്കുന്നത് ദോഷകരമാണ്.

എട്ട്…

ഹോർമോൺ തകരാറുള്ളവരിൽ ശരീരഭാരം കുറയുന്നത് മറ്റുള്ളവരെ അപേക്ഷിച്ച് പതുക്കെയാണ്. അതിനാൽ ഇവർ വ്യായാമവും ഭക്ഷണക്രമവും ക്ഷമയോടെയും ചിട്ടയോടെയും പിൻതുടരുകയാണ് വേണ്ടത്.

ഒൻപത്…

ഡയറ്റിങ് തുടങ്ങുമ്പോൾ മദ്യം, പുകവലി, എന്നിവ പൂർണമായും ഒഴിവാക്കുക. മദ്യത്തിലെ ഊർജം ഡയറ്റ് പ്ലാനിലെ ആകെ കലോറിയെ ബാധിക്കുകയും ഭാരം കുറയലിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തിലെ പല പോഷകങ്ങളുടെയും ആ​ഗിരണത്തെ കുറയ്ക്കുന്നത് അവയവങ്ങളുടെ പ്രവർത്തനക്കുറവിന് കാരണമാവുകയും ചെയ്യുന്നു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്