Main Menu

ജിമിക്കി കമ്മല്‍ വൈറലാകുമ്പോള്‍ മലയാളികള്‍ അതിനോട് ചെയ്യുന്ന ചതി കടുത്തുപോയി: ഷാന്‍ റഹ്മാന്‍

കൊച്ചി: റെക്കോര്‍ഡ് ഭേദിച്ചാണ് ജിമിക്കി കമ്മലിന്റെ പടയോട്ടം. ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും ജിമിക്കി കമ്മലിന്റെ ഹൃദയതാളം ഏറ്റെടുത്ത് പരിപാടികള്‍ ചെയ്തു. ഭാഷയുടെ അതിര്‍വരമ്പ് വിട്ട് മുന്നേറുകയാണ് വെളിപാടിന്റെ പുസ്തകമെന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ട്. ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകന്‍ ആഗോള പ്രശസ്തനുമായി. ഇതിനിടെ ഒരു പാട്ട് സോഷ്യല്‍ മീഡിയയിലെത്തി. ജിമിക്ക് കമ്മലിന്റെ ഗുജറാത്തി വെര്‍ഷന്‍. ഇത് കേട്ടപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ വിധിയെഴുതി. ഷാന്‍ റഹ്മാന്‍ കോപ്പിയടിച്ചതാണെന്ന്. എന്നാല്‍ ഈ പ്രചരണം പൊളിയുകയാണ്. കാളപെറ്റു എന്ന് കേട്ടയുടനെ കയറെടുത്ത സോഷ്യല്‍ മീഡിയയ്ക്ക് കിട്ടിയ എട്ടിന്റെ പണി.

ബിബിസിയും മറ്റും ജിമിക്ക് കമ്മല്‍ ഏറ്റെടുത്തപ്പോള്‍ റെഡ് എഫ്എം ഒരു കാര്യം തീരുമാനിച്ചു. എല്ലാ ഭാഷയിലും ഈ ഹിറ്റ് സംഗീതമെത്തിക്കുക. അങ്ങനെ ഗുജറാത്തിയിലേക്ക് ജിമിക്കി കമ്മലിനെ മൊഴിമാറ്റം നടത്തി. ഷാന്‍ റഹ്മാന്റെ ജിമിക്ക് കമ്മലിന്റെ റീമിക്സ് പുറത്തിറങ്ങി. അത് റെഡ് എഫ്എം സോഷ്യല്‍ മീഡിയയിലും എത്തിച്ചു. ഇതു കേട്ടപാടെ ഷാന്‍ റഹ്മാനെ കോപ്പിയടിക്കാരനായി സോഷ്യല്‍ മീഡിയ മാറ്റി. ചര്‍ച്ചകള്‍ കൊഴുത്തു. ഇതിനിടെയാണ് കള്ളി പൊളിച്ച് റെഡ് എഫ്എം രഹസ്യം പുറത്തായത്. എല്ലാ ഭാഷയിലും മൊഴി മാറ്റവും റീമിക്സും നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി ചെയ്തതാണ് ഗുജറാത്തി പാട്ടെന്നും അവര്‍ തന്നെ വിശദീകരിച്ചു. ഇത് പുറത്തു വിട്ടത് ഷാന്‍ റഹ്മാനാണ്.

പൊതുവെ താന്‍ ഇത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിക്കാറില്ലെങ്കിലും ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഗാനത്തിനെതിരെ വന്ന വിമര്‍ശനത്തിനെതിരെ നിശബ്ദമാകാന്‍ കഴിയില്ലെന്നു പറഞ്ഞാണ് ഷാന്‍ മറുപടിയുമായെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ റെഡ് എഫ്.എമ്മിന്റെ ഗുജറാത്ത് വിഭാഗം തയ്യാറാക്കിയതാണെന്നും ജിമിക്കി കമ്മലിന്റെ ട്രെന്റിന്റെ പ്രചരണത്തിനായി തന്നെ നിര്‍മ്മിച്ച വീഡിയോ ആണിതെന്നും ഷാന്‍ വ്യക്തമാക്കുന്നു. വീഡിയോയില്‍ റെഡ് എഫ്.എമ്മിന്റെ ലോഗോ ഉണ്ടെന്നും തന്റെ ശബ്ദം ഗാനത്തിലുണ്ടെന്നും ഷാന്‍ ചൂണ്ടിക്കാണിക്കുന്നു. ജിമിക്കി കമ്മല്‍ മലയാളികളുടെ അഭിമാനമായി മാറിയ, മലയാളികള്‍ തന്നെ നിര്‍മ്മിച്ച ഗാനമാണെന്നും ഗാനത്തിന് ലഭിച്ച സ്വീകാര്യത തങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നുവെന്നും ഷാന്‍ പറയുന്നു.

ഈ ഓണത്തിന് മലയാളികള്‍ കൊണ്ടാടിയ പാട്ടാണ് മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനം. യൂട്യൂബിലൂടെ ഇതുവരെ ഈ പാട്ടു കേട്ടവരുടെ എണ്ണം കോടികള്‍ കവിഞ്ഞു. അതിനിടെ ഇന്ത്യയില്‍ നിന്നുള്ള പത്തു ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി ജിമിക്കി കമ്മല്‍. മറ്റു ഭാഷകളിലുള്ളവരും ആവേശത്തോടെയാണ് പാട്ടിനെ സ്വീകരിച്ചിരിക്കുന്നത്. ഈ പാട്ടിന്റെ പല വെര്‍ഷനുകളിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയിയില്‍ സജീവമാണ്. ഇതിനിടെ കാക്കനാട്ടെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കൂടി അണിയിച്ചൊരുക്കിയ ‘ജിമിക്കി കമ്മല്‍’ ക്യാംപസ് വേര്‍ഷന്‍ ഏറെ ശ്രദ്ധേയമായി. ഈ വീഡിയോയില്‍ നൃത്തത്തിന് നേതൃത്വം നല്‍കുന്ന ഷെറില്‍ കടവില്‍ അനേകം ആരാധകരെയാണ് നേടിയെടുത്തത്. സോഷ്യല്‍മീഡിയയിലേയും കാംപസിലേയും താരമായ ഷെറിലിന് കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും നിറയെ ആരാധകരായിക്കഴിഞ്ഞു.

ലാല്‍ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ്. സൂപ്പര്‍ ഹിറ്റ് ഗാനത്തിലെ ശ്രദ്ധേയമായ ആദ്യത്തെ നാലു വരികള്‍ ‘സംഭാവന’ ചെയ്തത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകള്‍ സൂസന്നയാണ്. ഞാറയ്ക്കല്‍ പെരുമ്പള്ളി അസീസി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂസന്നക്ക് സ്‌കൂളിലെ സഹപാഠികളില്‍ നിന്നും കിട്ടിയ ഗാനം ബെന്നിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ചെണ്ടയുടെ താളത്തിലുള്ള പാട്ട് ബെന്നിക്ക് കേട്ട മാത്രയില്‍ തന്നെ ഇഷ്ടമായി.

ഈ പാട്ട് ബെന്നിയിലൂടെ കേട്ട സംവിധായകന്‍ ലാല്‍ ജോസ് വിവരം വീട്ടില്‍ പറഞ്ഞപ്പോള്‍ ലാല്‍ ജോസിന്റെ മകളും സ്‌കൂളില്‍ നിന്നും ഇത്തരമൊരു പാട്ടിന്റെ വരികള്‍ കേട്ടതായി ലാലിനോട് പറഞ്ഞു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല വെളിപാടിന്റെ പുസ്തകത്തിലെ കാമ്പസ് ഗാനത്തില്‍ ഈ വരികള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വരികള്‍ കോര്‍ത്തിണക്കി അനില്‍ പനച്ചൂരാന്‍ ഗാനം ചിട്ടപ്പെടുത്തുകയും ഷാന്‍ റഹ്മാന്‍ കിടിലന്‍ താളങ്ങള്‍ നല്‍കുക കൂടി ചെയ്തതോടെ സംഗതി ജോറായി. ഈ പാട്ടാണ് എല്ലാ ഭാഷയിലും റെഡ് എഫ് എം മൊഴിമാറ്റുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്