Main Menu

ജിഎന്‍പിസി ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധം; തെളിവുകള്‍ ശേഖരിച്ച് എക്‌സൈസ് വകുപ്പ്; വരുമാനം കൂട്ടാന്‍ മദ്യകമ്പനികളെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധമുള്ളതായി സൂചന. അഡ്മിന്‍മാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഗ്രൂപ്പിലൂടെ ശ്രമം നടന്നത് ഇതിന്റെ ഭാഗമാണെന്ന് വിവരം.

ജിഎന്‍പിസി ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെ ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ അഡ്മിന്‍ വിഭാഗം ശ്രമം നടത്തിയെന്നാണ് പൊലീസും എക്‌സൈസ് വകുപ്പും സംശയിക്കുന്നത്. ഇതിനായി മദ്യക്കമ്പനികളില്‍ നിന്ന് ഇവര്‍ക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ അഡ്മിന്‍മാരുടെ ബാങ്ക് അക്കൗണ്ട് അന്വേഷണസംഘം പരിശോധിക്കും. മതസ്പര്‍ധയുണ്ടാക്കുന്നതും കുട്ടികളെ അവഹേളിക്കുന്നതുമായ പോസ്റ്റിട്ടവരുടെ യുആര്‍എല്‍ വിലാസം ലഭിക്കുന്നതിന് പൊലീസ് ഫെയ്‌സ്ബുക്ക് അധികൃതര്‍ക്ക് കത്തയച്ചുവെങ്കിലും ഇതിന് സാങ്കേതിക തടസങ്ങള്‍ നിരവിധിയുണ്ട്.

അതേസമയം, മദ്യ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍, വരുമാനം കൂട്ടാനായി മദ്യകമ്പനികളെ സ്വാഗതം ചെയ്യുകയാണ്. പാലക്കാട് ജില്ലയിലെ ഏലപ്പുള്ളി വില്ലേജില്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷം ഹെക്ടാ ലീറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രൂവറി സ്ഥാപിക്കാന്‍ അപ്പോളോ ഡിസ്റ്റലറീസ് ആന്റ് ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡിന് സര്‍ക്കാര്‍ അനുമതി നല്‍കി. കണ്ണൂരിലെ വാരത്ത് പ്രതിവര്‍ഷം അഞ്ചു ലക്ഷം കേയ്‌സ് ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ബ്രൂവറി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു. മൂന്നു കമ്പനികളുടെ അപേക്ഷ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

കേരളത്തില്‍ വില്‍ക്കുന്ന ബിയറിന്റെ 40% മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണ് പാലക്കാട് ജില്ലയില്‍ ഏലപ്പുള്ളി വില്ലേജിലെ 9.92 ഏക്കര്‍ ഭൂമിയില്‍ മദ്യ ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. മദ്യ ഉല്‍പ്പാദന കേന്ദ്രം ആരംഭിച്ചാല്‍ നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ഡ്യൂട്ടി ഇനത്തില്‍ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നും എക്‌സൈസ് കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതനുസരിച്ച് ബ്രൂവറി റൂള്‍സ് 1967ലെ ചട്ടങ്ങള്‍ അനുസരിച്ചാണ് മദ്യ ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കാന്‍ അനുമതി നല്‍കിയത്.

കൂടുതല്‍ മദ്യ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്ന മൂന്നു കമ്പനികളും വടക്കന്‍ കേരളത്തിലാണ് ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അനുകൂല റിപ്പോര്‍ട്ടാണ് എക്‌സൈസില്‍നിന്നും ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇവയ്ക്കുള്ള അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്തെ നാലാമത്തെ ബിയര്‍ ഉല്‍പ്പാദന കേന്ദ്രമാണ് പാലക്കാട്ടേത്. നേരത്തെ അനുമതി നല്‍കിയ കണ്ണൂര്‍ വാരത്തെ ബ്രൂവറിക്ക് പുറമേ പാലക്കാടും, തൃശൂരും ഇപ്പോള്‍ ബിയര്‍ ഉല്‍പ്പാദന കേന്ദ്രങ്ങളുണ്ട്.

അതിനിടെ, ജിഎന്‍പിസി അഡ്മിന്‍മാരായ അജിത്കുമാര്‍, ഭാര്യ വിനിത എന്നിവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. നിലവില്‍ ഇരുവരും ഒളിവിലാണ്. ചില കമ്ബനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ റിഡക്ഷന്‍ കൂപ്പണ്‍വരെ ഗ്രൂപ്പിലുള്ളവര്‍ക്ക് നല്‍കിയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്ബനികളുമായി രഹസ്യധാരണയുണ്ടായിരുന്നുവെന്നാണ് എക്‌സൈസ് സംശയിക്കുന്നത്.

അജിത്കുമാറിന്റെയും ഭാര്യ വിനിതയുടെയും പേരില്‍ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളിലുള്ള മൂന്ന് അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ചയാണ് നേമം പൊലീസ് അജിത്കുമാറിനും വിനിതയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്