Main Menu

ജസ്‌നയെ അപായപ്പെടുത്തി ‘ദൃശ്യം’ സിനിമാ മാതൃകയില്‍ കെട്ടിടത്തിനടിയില്‍ ഒളിപ്പിച്ചുവെന്ന് രഹസ്യവിവരം; ഏന്തയാറിലെ വീട്ടില്‍ വീണ്ടും പരിശോധന നടത്താന്‍ പൊലീസ്

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. മെയ് 3ന് ജസ്‌നയെ മലപ്പുറത്ത് കണ്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കോട്ടക്കുന്ന് പാര്‍ക്കില്‍ പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മറ്റൊരു പെണ്‍കുട്ടിക്കൊപ്പമാണ് ജസ്‌നയെത്തിയതെന്നായിരുന്നു പാര്‍ക്കിലെ ജീവനക്കാരും അന്നേ ദിവസം പാര്‍ക്കില്‍ പരിപാടിക്കെത്തിയ സാമൂഹികപ്രവര്‍ത്തകനും മൊഴി നല്‍കിയത്. പൊലീസ് പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് മറ്റൊരു രഹസ്യവിവരം പൊലീസിന് ലഭിക്കുന്നത്. ജസ്‌നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ജസ്‌നയെ അപായപ്പെടുത്തി ദൃശ്യം സിനിമാ മാതൃകയില്‍ കെട്ടിടത്തിനടിയില്‍ ഒളിപ്പിച്ചുവെന്ന തരത്തിലുള്ള സൂചനകളാണ് പൊലീസിനു ലഭിച്ചത്.

ജസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാന്‍ മുക്കൂട്ടുതറയിലും ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജിലുമടക്കം പൊലീസ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു. . ഇങ്ങനെ ലഭിച്ച നിര്‍ണായക വിവരങ്ങളാണ് ഏന്തയാറിലെ വീട്ടിലെ പരിശോധനയ്ക്കു പൊലീസിനെ പ്രേരിപ്പിച്ചത്.

ഏന്തയാറിലെ കെട്ടിടം പൊലീസ് ഇന്നു വീണ്ടും പരിശോധിക്കുമെന്നാണ് സൂചന. ആക്ഷന്‍ കൗണ്‍സില്‍ സംശയം ഉന്നയിച്ചതിനെതുടര്‍ന്ന് ഒരാഴ്ച മുന്‍പ് അന്വേഷണസംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. ഇന്നു രാവിലെ വീണ്ടും ഇവിടെയെത്തി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടവും പരിസരവും പരിശോധിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി കോളെജ് നിര്‍മിച്ചു നല്‍കുന്ന വീടുകളിലൊന്നിന്റെ നിര്‍മാണ കരാര്‍ ജസ്‌നയുടെ പിതാവിനായിരുന്നു. 2017 ജൂലൈയില്‍ നിര്‍മ്മാണം തുടങ്ങിയെങ്കിലും ഭിത്തി കെട്ടിയശേഷം ജനുവരിയോടെ പണി നിര്‍ത്തിവച്ചിരിക്കുകയാണ്. പെട്ടെന്നു നിര്‍മാണം നിര്‍ത്തിവച്ചതിനു മതിയായ വിശദീകരണം ലഭിക്കാതിരുന്നതും ഈ വഴിക്കുള്ള അന്വേഷണത്തിനു പൊലീസിനെ പ്രേരിപ്പിച്ചതായാണു വിവരം.

രണ്ട് മുറികളും സ്വീകരണ മുറിയും അടുക്കളയുമുള്ള വീടാണ് നിര്‍മ്മിക്കുന്നത്. രണ്ടു മുറികളുടെ തറകളില്‍ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു. ബാക്കി ഭാഗത്തു പുല്ല് ഇല്ലാത്തതും മണ്ണ് ഇളകി കിടക്കുന്നതും സംശയമുണ്ടാക്കി. രണ്ടാഴ്ച മുന്‍പു സ്ഥലത്തെത്തി പുല്ല് വെട്ടിത്തെളിച്ചതാണെന്നാണു വീട്ടുടമയുടെ വിശദീകരണം. പൊലീസ് ഇവിടെയുള്ള മണ്ണുകുഴിച്ചു നോക്കിയിട്ടുണ്ട്.

ജസ്‌നയുടെ വീട്ടില്‍നിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്മേലും അന്വേഷണം നടക്കുകയാണ്. ജസ്‌ന ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജസ്‌ന മൊബൈല്‍ ഫോണില്‍ ആണ്‍ സുഹൃത്തിനയച്ച എല്ലാ സന്ദേശങ്ങളും വീണ്ടെടുത്തു. സുഹൃത്തിനെ ഇരുപതോളം തവണ പൊലീസ് ചോദ്യംചെയ്തു. വീണ്ടും ചോദ്യംചെയ്‌തേക്കും.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്