Main Menu

ജയിച്ചാല്‍ അമിത ആഘോഷം വേണ്ട; ധോണി പറഞ്ഞതിന് പിന്നിലെ കാരണം ഇതാണ്

ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ എന്ന് വിശേഷിപ്പിക്കുന്ന എം എസ് ധോണിക്ക് എന്തുകൊണ്ടും ചേരുന്ന പേര് തന്നെയാണത്. എന്നാല്‍, താരം ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ അതോ വിരമിക്കുമോ എന്ന ചൂടുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ആരാധകരുടെ സംശയത്തിന് പിന്നാലെ ധോണി പോയാല്‍ മറ്റൊരു പകരക്കാരനില്ലെന്ന് തുറന്ന് പറയുകയാണ് ഇന്ത്യന്‍ എക്‌സ്പ്രസിലെ മാധ്യമപ്രവര്‍ത്തകനായ ഭരത് സുന്ദരേശന്‍.

ധോണി ടച്ച് എന്ന പുസ്തകത്തിലാണ് ഭരത് സുന്ദരേശന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 2008ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന സിബി സീരീസിലെ സംഭവം ഓര്‍മപ്പെടുത്തി കൊണ്ടാണ് ധോണിയെ കുറിച്ച് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരായ ബെസ്റ്റ് ഓഫ് ത്രീ ഫൈനലുകളിലെ ആദ്യത്തേതില്‍ ഇന്ത്യ വിജയത്തോട് അടുക്കുന്ന സമയം. രോഹിത് ശര്‍മയും ധോണിയും ക്രീസില്‍. ഇന്ത്യ ജയം ഉറപ്പിച്ചിരിക്കെ അപ്രതീക്ഷിതമായി ഗ്രൗണ്ടിലേക്ക് ധോണി ഒരു സബ്സ്റ്റിറ്റിയൂട്ടിനെ വിളിപ്പിച്ചു. ഗ്ലൗസ് മാറ്റാനോ വെള്ളം കുടിക്കാനോ ആയിരുന്നില്ല ധോണി പന്ത്രണ്ടാമനെ വിളിപ്പിച്ചത്.

അജയ്യരായ അന്നത്തെ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിച്ചാല്‍ അത് അട്ടിമറി ആയെ ക്രിക്കറ്റ് ലോകം വിലയിരുത്തു. അട്ടിമറി ജയം നേടിയതിന്റെ സന്തോഷത്തില്‍ അമിതാഘോഷം നടത്തേണ്ടെന്ന് ഡ്രസ്സിംഗ് റൂമിലുള്ളവരോട് പറയാനായിരുന്നു ധോണി പന്ത്രണ്ടാമനെ ക്രീസിലേക്ക് വിളിപ്പിച്ചത്. വെറുമൊരു സാധാരണ സംഭവമെന്ന രീതിയില്‍ ഈ ജയം ആഘോഷിച്ചാല്‍ മതിയെന്ന് ധോണി പന്ത്രണ്ടാമനോട് പറഞ്ഞു. അതുപോലെ ക്രീസില്‍ കൂടെയുള്ള രോഹിത് ശര്‍മയോടും ഇന്ത്യ ജയിച്ചാല്‍ അമിതാഘോഷം വേണ്ടെന്ന് ധോണി നിര്‍ദേശിച്ചു. ആ കളി ഇന്ത്യ ജയിക്കുകയും ബെസ്റ്റ് ഓഫ് ത്രീ ഫൈനലും ജയിച്ച് കിരീടം നേടുകയും ചെയ്തു.

അതേസമയം, ഇംഗ്ലണ്ടിന് എതിരായ എകദിന പരമ്പരയില്‍ നാണക്കെട്ട തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത് വന്നിരുന്നു. എം.എസ്. ധോണിയെയും സുരേഷ് റെയ്‌നയെയുമാണ് താരം രൂക്ഷമായി വിമര്‍ശിച്ചത്. മുതിര്‍ന്ന കളിക്കാരായ ധോണിയും റെയ്‌നയും അവസരത്തിനൊത്ത് ഉയരുന്നില്ലെന്നും ഈസ്ഥാനത്തു കളിക്കാന്‍ വേറെ മികച്ച കളിക്കാരുണ്ടെന്നും ഗാംഗുലി തുറന്നടിച്ചു. മികച്ച ബാറ്റ്‌സ്മാന്‍മാരായ കെ.എല്‍. രാഹുലിനെയും അജിങ്ക്യ രഹാനെയെയും വേണ്ടവിധം ടീം ഉപയോഗിക്കുന്നില്ലെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യത്തേത് അനായാസം ജയിച്ച ഇന്ത്യ പിന്നീട് രണ്ടെണ്ണം കൈവിട്ടുകളയുകയായിരുന്നു. കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ രഹാനെയെയും മികച്ച ഫോമിലായിരുന്ന രാഹുലിനെയും ടീമില്‍ ഉള്‍പ്പെടുത്താതിനെതിരെ ഗാംഗുലി ശക്തമായി പ്രതികരിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 50 ഓവറില്‍ എട്ടുവിക്കറ്റിന് 256 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഓപ്പണര്‍ രോഹിത് ശര്‍മ രണ്ടു റണ്‍സില്‍ പുറത്തായതോടെ താളം തെറ്റിയ ഇന്ത്യയ്ക്ക് പിന്നീട് മികച്ച സ്‌കോറിലേക്കു കുതിക്കാനായില്ല. കോഹ്‌ലിയും (71), ധവാനും (44 റണ്‍ഔട്ട്), ധോണിയും (42) ഭേദപ്പെട്ട പ്രകടനം നടത്തിയെന്നു പറയാമെങ്കിലും ഗുണമുണ്ടായില്ല. റെയ്‌ന ഒരു റണ്ണാണ് എടുത്തത്. വിജയലക്ഷ്യം 44.3 ഓവറില്‍ ഇംഗ്ലണ്ട് രണ്ടുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു.

ധവാന്‍, രോഹിത്, കോഹ്‌ലി എന്നിവരെ മാത്രം ആശ്രയിച്ചാണ് ഇന്ത്യ ഇപ്പോഴും മത്സരിക്കുന്നത് ഗാംഗുലി പറഞ്ഞു. ഇവരിലാരെങ്കിലും പരാജയപ്പെട്ടാല്‍ ടീമൊന്നാകെ തോല്‍ക്കുന്ന സ്ഥിതിയാണ്. എന്നാല്‍, ഇംഗ്ലണ്ടിനെപ്പോലെ സ്ഥിരതയുള്ള ടീമിനെ കളിക്കിറക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. നാലാം നമ്പരില്‍ കണ്ണുമടച്ച് രാഹുലിനെ കളിപ്പിക്കാം. അടുത്ത 15 കളികളിലേക്ക് രാഹുലിനെ ഒന്നുമാലോചിക്കാതെ ആ ചുമതലയേല്‍പിക്കാം. അഞ്ചാം നമ്പരില്‍ രഹാനെയാണ് വരേണ്ടത്. ആറാമതായി ധോണിയോ ദിനേഷ് കാര്‍ത്തിക്കോ എന്നത് ആലോചിക്കണം. ഏഴാം നമ്പരില്‍ ഹാര്‍ദിക് പാണ്ഡ്യയെയും ഇറക്കാം.

രാഹുല്‍, രഹാനെ എന്നീ മികച്ച കളിക്കാര്‍ക്ക് വേണ്ടത്ര അവസരം നല്‍കുന്നില്ല. ഇതൊട്ടും ശരിയായ നടപടിയല്ല. ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ കര്‍ശന നിലപാടു സ്വീകരിക്കണം. ദക്ഷിണാഫ്രിക്കയില്‍ കോഹ്‌ലി മൂന്നു സെഞ്ചുറി നേടിയതു കൊണ്ട് ടീം രക്ഷപ്പെട്ടു. കോഹ്‌ലി സെഞ്ചുറിയടിക്കുന്നില്ലെങ്കില്‍ ഇന്ത്യ തോല്‍ക്കുമെന്ന സ്ഥിതി ദയനീയമാണെന്നും ഗാംഗുലി പറഞ്ഞു.

ധോണി കഴിഞ്ഞ ഒരു വര്‍ഷമായി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. റെയ്‌നയുടെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ടു കളിക്കാരും ഫോമിലേക്ക് തിരിച്ചെത്തണം. ഈ സ്ഥാനത്തു കളിക്കാന്‍ മികച്ച നിരവധിപ്പേര്‍ അവസരം കാത്തിരിക്കുന്നു. ടീം ഇന്ത്യ മുന്നോട്ടാണു നോക്കേണ്ടത് ഗാംഗുലി വ്യക്തമാക്കി.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്