Main Menu

ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ പതാകയേന്താന്‍ നീരജ് ചോപ്ര

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തിന് മുന്നിലായി പതാകയേന്തുക ജാവലിന്‍ താരം നീരജ് ചോപ്ര. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇരുപതുകാരന്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണനേട്ടം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. നാളിതുവരെ ഇന്ത്യയ്ക്കായി നടത്തിയ നീരജിന്റെ പ്രകടനത്തിനുള്ള അംഗീകാരം കൂടിയായിരിക്കുകയാണ് ഏഷ്യന്‍ ഗെയിംസിലെ ബഹുമതി.

ഏഷ്യന്‍ ഗെയിംസിന് യാത്ര തിരിക്കുന്ന സംഘത്തിനായി നല്‍കിയ സെന്റ് ഓഫ് പാര്‍ട്ടിക്കിടെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര ബത്രയാണ് നീരജിന്റെ പേര് പ്രഖ്യാപിച്ചത്. ഓഗസ്ത് 18 മുതല്‍ സപ്തംബര്‍ 2 വരെ ഇന്തോനേഷ്യന്‍ നഗരങ്ങളായ ജക്കാര്‍ത്തയിലും പാലെംബാങ്കിലുമാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്ന നീരജ് ചോപ്ര തുടര്‍ച്ചയായി തന്റെ പ്രകടനം മെച്ചപ്പെടുത്തിവരികയാണ്.

കോമണ്‍വെല്‍ത്തില്‍ കൂടാതെ കഴിഞ്ഞമാസം ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസിലും സ്വര്‍ണം നേടിയ യുവതാരം ലോകത്തിലെ മികച്ച അഞ്ച് ജാവ്‌ലിന്‍ ത്രോ താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. 85.17 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് ചോപ്ര സ്വര്‍ണം നേടിയത്. മോള്‍ഡോവയുടെ ആന്‍ഡ്രിയന്‍ മാര്‍ഡയര്‍ (81.48 മീ) ലിത്വാനിയയുടെ എഡിസ് (79.31 മീ) എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി.

2014ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 57 മെഡലുകള്‍ നേടി. പതിനൊന്ന് സ്വര്‍ണവും പത്ത് വെള്ളിയും 36 വെങ്കലവും ഇന്ത്യ നേടി. 2016ലെ ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ ചോപ്ര ദേശീയ റെക്കോഡിനൊപ്പം (82.23 മീ) എത്തിയിരുന്നു. ആ വര്‍ഷം അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ച് പുത്തന്‍ ജൂനിയര്‍ ലോക റെക്കോഡ് കുറിച്ച് ചരിത്രമെഴുതി.

മുപ്പത്തിനാല് ഇനങ്ങളിലായി 543 കായികതാരങ്ങള്‍ ഇത്തവണ ഇന്ത്യയ്ക്കുവേണ്ടി ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കും. മുന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗായിരുന്നു കഴിഞ്ഞതവണ ഇന്ത്യയ്ക്കുവേണ്ടി പതാകയേന്തിയിരുന്നത്. ഇന്ത്യ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം നേടുകയും ചെയ്തു. 11 സ്വര്‍ണം 10 വെള്ളി 36 വെങ്കലം എന്നിങ്ങനെ 57 മെഡലുകള്‍ കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ നേടിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്