Main Menu

ചോദിച്ചതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട് എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല; കോഹ്‌ലിക്കും ശാസ്ത്രിക്കുമെതിരെ ബിസിസിഐ

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശന ശരങ്ങള്‍ ഉയരുകയാണ്. ഇതിന് പിന്നാലെ നടപടിയുമായി ബിസിസിഐ രംഗത്തെത്തി. ഇന്ത്യയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ കോഹ്‌ലിയില്‍ നിന്നും പരിശീലകന്‍ രവിശാസ്ത്രിയില്‍ നിന്നും ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു. നേരത്തെയുണ്ടായ ആരോപണം നിലനിര്‍ത്തി പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയവും ക്യാപ്റ്റന്‍ ആവശ്യപ്പെട്ട ടീമും നല്‍കിയിട്ടും എന്തുകൊണ്ടാണ് പൊരുതാന്‍ പോലും നില്‍ക്കാതെ ഇന്ത്യ പരാജയപ്പെട്ടതെന്നാണ് ബിസിസിഐ ചോദിക്കുന്നത്.

ഇവര്‍ക്ക് പുറമെ പരിശീലകന്‍ സഞ്ജയ് ബംഗാറിന്റെയും ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറിന്റെയും പ്രകടനവും ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ ശനിയാഴ്ച തുടങ്ങുന്ന മൂന്നാമത്തെ ടെസ്റ്റിന്റെ ഫലമറിഞ്ഞ ശേഷം മാത്രം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്താല്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചു. അതേസമയം, നാണംകെട്ട് തോറ്റ ടീമിനെതിരെ ആരാധകരില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതും ബിസിസിഐ കണക്കിലെടുത്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ തോല്‍വി വഴങ്ങിയപ്പോള്‍ ഒരുങ്ങാന്‍ മതിയായ സമയം കിട്ടിയില്ലെന്നും മത്സരങ്ങള്‍ തമ്മില്‍ കാര്യമായ അകലമില്ലെന്നുമാണ് ടീം കാരണം പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടില്‍ തയാറെടുപ്പിന് ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന ന്യായം പറയാന്‍ ടീമിനാകില്ലെന്നും ഇത്തവണ പരിമിത ഓവര്‍ മത്സരങ്ങള്‍ ആദ്യം നടത്തിയതുപോലും ടീമിനോട് അഭിപ്രായം തേടിയിട്ടാണെന്നും ബിസിസിഐയുടെ പ്രതിനിധികളിലൊരാള്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

‘ സീനിയര്‍ ടീമിന്റെ പര്യടനം നടക്കുമ്പോള്‍ത്തന്നെ നിഴല്‍ പരമ്പരയ്ക്കായി എ ടീമിനേയും നാം അയച്ചിരുന്നു. സീനിയര്‍ ടീം അംഗങ്ങളായ മുരളി വിജയ്ക്കും അജിങ്ക്യ രഹാനെയ്ക്കും എ ടീമില്‍ കളിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ചോദിച്ചതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ട്. എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍, കാരണം ചോദിക്കാന്‍ ബോര്‍ഡിന് അധികാരമുണ്ട്,’ അദ്ദേഹം പറയുന്നു.

ടീം തിരഞ്ഞടുപ്പിന്റെ കാര്യത്തിലുള്‍പ്പെടെ കോഹ്‌ലിക്കും ശാസ്ത്രിക്കും ബിസിസിഐ അനാവശ്യ സ്വാതന്ത്ര്യം നല്‍കുന്നതായി നേരത്തേ മുതല്‍ ആരോപണമുണ്ട്. അതേസമയം, പുറം വേദന മൂലം കഷ്ടപ്പെടുന്ന ക്യാപ്റ്റന്‍വമമഗ വിരാട് കോഹ്‌ലിക്ക് അടുത്ത ടെസ്റ്റില്‍ കളിക്കാനാകാതെ വന്നാല്‍, ടീമിനെ ആരു നയിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന രഹാനെയ്ക്ക് പകരമായി താരതമ്യേന മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രവിചന്ദ്രന്‍ അശ്വിന്റെ പേരാണ് പരിഗണനയില്‍.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്