Main Menu

ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിനെയും വെല്ലുവിളിച്ച് ജനം ടിവി വീണ്ടും രണ്ടാം സ്ഥാനത്ത്;  ചാനലുകള്‍ തമ്മിലുള്ള മത്സരം അതിശക്തമായേക്കും

കൊച്ചി: ശബരിമല വിഷയത്തില്‍ മലയാള ന്യൂസ് ചാനലുകളില്‍ നേട്ടമുണ്ടാക്കിയത് ജനം ടിവിയാണ്. റേറ്റിംഗില്‍ വലിയ മുന്നേറ്റവുമായി രണ്ടാം സ്ഥാനത്താണ് ജനം ടിവി. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റുമായി വെറും 17 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ജനം ടിവിക്കുള്ളത്. മലയാള ന്യൂസ് ചാനലുകളുടെ ചരിത്രത്തില്‍ ഏഷ്യാനെറ്റിന് വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു ചാനലുമുണ്ടായിട്ടില്ല. ആ നേട്ടമാണ് ജനം ടിവി സ്വന്തമാക്കിയത്. മലയാളത്തിലെ വാര്‍ത്ത ഇടപെടലുകളില്‍ ചാനലുകളെ മാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകമായി ശബരിമല സംഭവം മാറുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ബാര്‍ക് റേറ്റിംഗിന്റെ 43ാം ആഴ്ചയിലാണ് ജനം ആദ്യമായി രണ്ടാമത് എത്തിയത്. കഴിഞ്ഞ ആഴ്ച റേറ്റിങ് ഇടിഞ്ഞ് മൂന്നാം സ്ഥാനത്തും എത്തി. ആട്ട ചിത്തിരയ്ക്ക് നട തുറന്നിരുന്ന ആഴ്ചയിലാണ് ജനത്തിന്റെ മുന്നേറ്റം വീണ്ടുമുണ്ടായത്. മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലുകളെ പിന്തള്ളിയാണ് ജനം ബാര്‍ക്ക് റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 149 പോയിന്റാണ് ആഴ്ചയിലെ പോയിന്റ് അനുസരിച്ച് ഏഷ്യാനെറ്റിനുള്ളത്. അഞ്ച് പോയിന്റിന്റെ ഉയര്‍ച്ച. ജനം ടിവിക്കാകട്ടെ 132 പോയിന്റും. ഏഷ്യാനെറ്റ് ന്യൂസുമായി വെറും 17 പോയിന്റ് വ്യത്യാസം. അട്ട ചിത്തിര ആഘോഷ ആഴ്ചയില്‍ 71 പോയിന്റ് നേട്ടമാണ് ജനം ടിവി നേടിയത്.  മൂന്നാം സ്ഥാനത്തുള്ള മനോരമയ്ക്കുള്ളത് 82 പോയിന്റ് മാത്രം. വെറും 3 പോയിന്റ് നേട്ടവും. നാലാംസ്ഥാനത്തുള്ള മാതൃഭൂമിക്ക് 79 പോയിന്റാണുള്ളത്. എന്നാല്‍ 18 പോയിന്റിന്റെ നേട്ടമുണ്ടാക്കാന്‍ മാതൃഭൂമിക്ക് കഴിഞ്ഞിട്ടുണ്ട്. അഞ്ചാമതുള്ള മീഡിയാ വണ്ണിന് കഴിഞ്ഞ ആഴ്ച രണ്ട് പോയിന്റ് ഇടിഞ്ഞു. റേറ്റിംഗില്‍ വളരെ പിന്നിലാണ് ന്യൂസ് 18 കേരളയും പീപ്പിളും. കേരളാ വിഷനാണ് പീപ്പിളിന് പിന്നിലുള്ളത്. ന്യൂസ് 18 കേരളയ്ക്ക് 30ഉം പീപ്പിളിന് 26ഉം കേരളാ വിഷന് 8ഉം പോയിന്റാണുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് പോയിന്റ് നിലയില്‍ 50 പോയിന്റിന്റെ മേല്‍കോയ്മ ഏഷ്യാനെറ്റിന് നഷ്ടമാകുന്നത്.

ആദ്യ അഞ്ച് സ്ഥാനക്കാരെ കുറിച്ച് ബാര്‍ക്കിന്റെ വെബ് സൈറ്റിലും വിശദീകരണമുണ്ട്. അവിടെ ഇംപ്രഷനിലാണ് റേറ്റിങ്. 46632 പോയിന്റാണ് ഏഷ്യനെറ്റ് ന്യൂസിനുള്ളത്. ജനം ടിവിക്ക് 41317ഉം. മനോരമയ്ക്ക് 25771ഉം മാതൃഭൂമി ന്യൂസിന് 24857ഉം പോയിന്റ് മാത്രമാണുള്ളത്. മീഡിയാ വണിന് 10743ഉം. ഇംപ്രഷന്‍സിനും വലിയ മാറ്റം ജനം ടിവിക്കുണ്ടാകുന്നുവെന്ന് വ്യക്തം. ഏഷ്യാനെറ്റ് ന്യൂസല്ലാതെ ഒരു ചാനലും മലയാളത്തില്‍ 40000 പോയിന്റ് ഇതുവരെ ആരും കടന്നിട്ടില്ല. അങ്ങനെ വലിയ മുന്നേറ്റം ചിത്തിര ആട്ട റിപ്പോര്‍ട്ടിലും ജനം ടിവി നേടി.ടി വി റേറ്റിഗില്‍ 135 പോയിന്റിന് മുകളില്‍ പോകാന്‍ മനോരമ ന്യൂസിനും മാതൃഭൂമിക്കും പോലും ഇനിയും ആയിട്ടില്ല.

മണ്ഡല തീര്‍ത്ഥാടനകാലത്ത് വിശ്വാസികള്‍ക്കൊപ്പം എന്ന ടാഗ് ലൈനിലൂടെ മുന്നേറ്റം തുടരാനാണ് ജനം ടിവിയുടെ തീരുമാനം. വിശ്വാസികള്‍ക്ക് ഒപ്പം നിന്ന് പുരോഗമന ചിന്തയെ തള്ളി പറയുന്ന രീതിയാണ് ജനം ടിവി പിന്തുടരുന്നത്. ശബരിമലയിലെ വിശേഷങ്ങള്‍ അറിയാന്‍ വിശ്വാസികള്‍ ഒന്നടങ്കം ജനം ടിവി കാണുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്