Main Menu

ചരിത്രം കുറിച്ച് ഇന്ത്യ; ഓസ്‌ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കി; സിഡ്നി ടെസ്റ്റ് സമനിലയില്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ആദ്യമായി ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര സ്വന്തം. നാല് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ഓസീസ് മണ്ണില്‍ ഇന്ത്യ പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നടേിയ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. സിഡ്‌നിയില്‍ നടന്ന നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.

മഴമൂലം സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി മഴമൂലം വൈകിയതോടെ മത്സരം സമനിലയിലായതായി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോഹ്‌ലി സ്വന്തമാക്കി. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്. നാലാം ദിവസത്തെ കളിയും മഴ തടസപ്പെടുത്തിയിരുന്നു. ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറ് റണ്‍സെന്ന നിലയിലായിരുന്നു. നാലാം ദിനം വെറും 25.2 ഓവറുകള്‍ മാത്രമാണ് കളി നടന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് നേടി. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് എല്ലാവരും പുറത്തായി. ഫോളോഓണ്‍ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴയും വെളിച്ചക്കുറവും വില്ലനായെത്തുന്നത്. നാലാം ദിവസം ആദ്യത്തേയും അവസാനത്തേയും സെഷന്‍ മഴയെടുത്തു. അഞ്ചാം ദിനം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു.

നേരത്തെ, ഇന്ത്യയുടെ 622നെതിരെ ആദ്യ ഇന്നിങ്സില്‍ ഓസീസ് 300ന് പുറത്താവുകയായിരുന്നു. 322 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് രണ്ട് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ ഫോളോഓണിലേക്ക് തള്ളിവിട്ടത്. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാഗ്‌നെ (38), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

പാറ്റ് കമ്മിന്‍സ് (25), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (37), നഥാന്‍ ലിയോണ്‍ (0), ജോഷ് ഹേസല്‍വുഡ് (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് അവര്‍ക്ക് നഷ്ടമായത്. മൂന്നാം ദിനം വെളിച്ചക്കുറവ് കാരണം നേരത്തെ കളി അവസാനിക്കുമ്പോള്‍ ഓസീസ് ആറിന് 236 എന്ന നിലയിലായിരുന്നു. എന്നാല്‍ നാലാം ദിവസം രാവിലെ മഴയെത്തിയതോടെ ആദ്യ സെഷനില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. രണ്ടാം സെഷനില്‍ തുടക്കത്തില്‍ പാറ്റ് കമ്മിന്‍സ് പവലിയനിലേക്ക് മടങ്ങി. തലേ ദിവസത്തെ സ്‌കോറിന് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ കമ്മിന്‍സിന് സാധിച്ചില്ല. ഷമിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു കമ്മിന്‍സ്. വൈകാതെ ഹാന്‍ഡ്സ്‌കോംപും മടങ്ങി. ബുംറയുടെ പന്തില്‍ വിക്കറ്റ് തെറിക്കുകയായിരുന്നു. ലിയോണിനെയാവട്ടെ കുല്‍ദീപ് യാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

അതേസമയം 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്