Main Menu

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവം യുഎസ് പാര്‍ലമെന്റില്‍ ചര്‍ച്ചയായി

വാഷിങ്ടണ്‍: ഇന്ത്യയില്‍ ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി തുടങ്ങിയവരുടെ കൊലപാതകങ്ങളും ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യയ്ക്കു നേരെയുണ്ടായ ആക്രമണവും യുഎസ് പാര്‍ലമെന്റിലും ചര്‍ച്ചയായി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകത്ത് പലയിടത്തും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ചര്‍ച്ചയായത്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സ് പ്രതിനിധിസഭയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയത്.

ലോകത്തെമ്പാടും അഭിപ്രായ സ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതോ മറ്റാരുടെയെങ്കിലും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നതോ പോലും അക്രമങ്ങള്‍ക്കും പലപ്പോഴും കൊലപാതകങ്ങള്‍ക്കും ഇടയാക്കുന്നതായി ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സ പറഞ്ഞു.

അധികാരത്തിലുള്ള പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ നിര്‍ഭയമായി വിമര്‍ശനമുന്നയിച്ചതിന്റെ പേരിലാണ് വ്യവസ്ഥകള്‍ക്കെതിരെ പോരാടുന്ന, പൊതുസമ്മതയായ ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തക വധിക്കപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തകരായ ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍കര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിന് തീര്‍ത്തും സമാനമായ സാഹചര്യത്തിലാണ് ഗൗരി ലങ്കേഷും വധിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ഇന്ത്യയിലെ ജാതിസാമൂഹ്യ വ്യവസ്ഥയുടെ വിമര്‍ശകനും യൂണിവേഴ്‌സിറ്റി അധ്യാപകനുമായ കാഞ്ച ഐലയ്യയ്ക്കു നേരെ ആക്രമണവും വധഭീഷണിയുമുണ്ടായത്. ജീവന് ഭീഷണിയുള്ളതിനാല്‍ ഇപ്പോള്‍ അദ്ദേഹം സ്വയം വീട്ടുതടങ്കലിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാഞ്ച ഐലയ്യയ്‌ക്കെതിരായ വധഭീഷണിയില്‍ അമേരിക്കയ്ക്കും ആഗോള സമൂഹത്തിനും കടുത്ത ഉത്കണ്ഠയുണ്ട്. കാഞ്ച ഐലയ്യയുടെയും അദ്ദേഹത്തെപ്പോലുള്ളവരുടെയും സുരക്ഷയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കേണ്ടതാണെന്നും ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സ് ചൂണ്ടിക്കാട്ടി.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്