രാഷ്ട്രീയം വലിയ ഗൗരവവമാണെന്ന് ആരു പറഞ്ഞാലും ഉഴവൂർ വിജയൻ കാര്യം പറഞ്ഞാൽ ഗൗരവം വിട്ടില്ലെങ്കിലും ചിരിച്ചു പോകും. മറ്റുള്ളവർ എതിരാളികളെ എതിർത്ത് രൂക്ഷമായ ശൈലിയിൽ തകർത്ത് പ്രസംഗിക്കുമ്പോൾ വിജയൻ എഴുന്നേൽകുമ്പോൾ തന്നെ പ്രക്ഷുബ്ദ്ധത മാറുന്നു. പിന്നെ ശാന്തമായ, നർമം വിതറുന്ന രാഷ്ട്രീയ പ്രസംഗം വരും. എതിരാളികളായ പാർട്ടികളുടെ പൂർണ രൂപവും, നയവും പറയുമ്പോൾ പോലും നല്ല ആക്ഷേപം. അങ്ങനെ ആക്ഷേപത്തിലൂടെ ആഞ്ഞടിക്കുന്ന തമാശകൾ രാത്രി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട വിഭവമായി സ്വീകരണ മുറികളിലെത്തുന്നു.

പാർട്ടിയിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെ കുറിച്ച് ചോദിക്കുമ്പോഴും ഗൗരവം ലവലേശമില്ല. ശൈലി വിട്ടൊരു മറുപടിയില്ല. രാഷ്ട്രീയത്തിലെ ഈ നർമ ഭാവത്തെ സിനിമയിലെത്തിച്ച് നാല് തവണ മേക്കപ്പിട്ടു.