ഗൂഗിള്‍ കമ്പനി സ്ത്രീകളോട് കടുത്ത വിവേചനം കാട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ഗൂഗിളില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തന്നെയാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരായ ഗൂഗിളിനെതിരെ കടുത്ത ആരോപണങ്ങളുമായി സ്ഥപനത്തില്‍ ജോലി ചെയ്യുന്ന അറുപതോളം സ്ത്രീകള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ കമ്പനിയില്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നുണ്ടെന്ന ഗൌരവമേറിയ പരാതി ഗൂഗിളിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൂടാതെ, സ്ത്രീകള്‍ക്ക് നല്‍കുന്ന ശമ്പളത്തിലും ഗൂഗിള്‍ കടുത്ത വിവേചനമാണ് കാട്ടുന്നതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.

നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കൊപ്പം മുന്‍ ജീവനക്കാരും സമാന ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ ഗൂഗിള്‍ സ്വീകരിച്ചുപോരുന്ന ഈ വിവേചനത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ജെയിംസ് ഫിന്‍ബെര്‍ഗ്. തുല്യ യോഗ്യതയും സമാനമായ സ്ഥാനങ്ങളും ഉണ്ടെങ്കിലും ഗൂഗിളിലെ പുരുഷരെക്കാൾ താഴ്ന്ന തുകയാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നും ഫിന്‍ബെര്‍ഗ് പറഞ്ഞു.

ഈ അറുപത് സ്ത്രീതൊഴിലാളികളും കേസിന്റെ ഭാഗമാകും. ഏകദേശം നാല്‍പ്പതിനായിരം ഡോളറിന്റെ വ്യത്യാസമാണ് ഒരേ പോസ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീ-പുരുഷ ജോലിക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ ഉള്ളത്. വിവേചനം നേരിടുന്ന പലരും ഇതിനോടകം സ്ഥാപനത്തില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. എന്നാല്‍ കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ഗൂഗിള്‍ നിഷേധിച്ചു. എന്നാല്‍ തൊഴില്‍ വകുപ്പ് ഈ വിവേചനം സംബന്ധിച്ച് അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീ തൊഴിലാളികള്‍ ശമ്പളത്തിന്റെ കാര്യത്തില്‍ വിവേചനം നേരിടുന്നതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി തൊഴില്‍വകുപ്പ് അറിയിച്ചു. എന്നാല്‍ തൊഴില്‍ വകുപ്പിന്റെ കണ്ടെത്തലുകളോട് നിലവില്‍ പ്രതികരിക്കേണ്ടെന്നാണ് ഗൂഗിളിന്റെ നിലപാട്.