Main Menu

ഗജ ചുഴലിക്കാറ്റ് കേരളത്തിലെത്തി; ഇടുക്കി എറണാകുളം ജില്ലകളില്‍ ശക്തമായ കാറ്റും മഴയും; വട്ടവടയിലും നേര്യമംഗലത്തും ഉരുള്‍ പൊട്ടി; മാട്ടുപെട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരളത്തിലേക്കെത്തി. ചുഴലിയെ തുടര്‍ന്ന് ഇടുക്കിയില്‍ കനത്തമഴയും ഉരുള്‍പൊട്ടലും ഉണ്ടായി. വട്ടവടയിലും നേര്യമംഗലത്തും നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വട്ടവടയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല് വീടുകള്‍ തകര്‍ന്നു, രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മൂന്നാറിലും കനത്ത മഴ തുടരുകയാണ്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറില്‍ നിന്നും ദേശിയ പാതയില്‍ വെള്ളം കയറി, മുതിരപ്പുഴയാറില്‍ നേരിയ തോതില്‍ വെള്ളം ഉയരുന്നു.ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. ദേശീയപാതയില്‍ വെള്ളം കയറിയെങ്കിലും മൂന്നാറില്‍ ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. മാട്ടുപ്പെട്ടി ഡാമിനു സമീപം റോഡില്‍ മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു. മൂന്നാര്‍ മറയൂര്‍ റൂട്ടുകളെ ബന്ധിപ്പിക്കുന്ന പെരിയവരൈയിലെ താല്‍ക്കാലിക പാലം തകര്‍ന്നു.

മണ്ണിടിഞ്ഞ് പന്നിയാര്‍കുട്ടിയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലയിലും കനത്ത മഴയാണ്. തോടുകള്‍ കര കവിഞ്ഞൊഴുകി കൃഷിയിടങ്ങളില്‍ വെള്ളം കയറിയ നിലയിലാണ്. നേര്യമംഗലം തട്ടേക്കണ്ണിയില്‍ ഉരുള്‍പൊട്ടി വാഹനഗതാഗതം തടസപ്പെട്ടു. ചേലച്ചുവട് വണ്ണപ്പുറം റൂട്ടില്‍ പഴയരിക്കണ്ടം റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പരിസരങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പഴയരിക്കണ്ടത് ഗതാഗതം നിലച്ചു.

ചുഴലിക്കാറ്റായി തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് ന്യൂനമര്‍ദമായി മാറി കേരളത്തില്‍ പ്രവേശിച്ചത്. എറണാകുളം,ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുമുണ്ട്. എല്ലാ താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

തമിഴ്‌നാട്ടില്‍ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അര്‍ഥത്തില്‍ ഗജ എന്നാണ് കാറ്റിന് പേരിട്ടത്. സംസ്‌കൃതത്തില്‍ ഗജമെന്നാല്‍ ആനയെന്നാണ് അര്‍ഥം.

ഒഡീഷ തീരത്ത് വീശിയ തിത്‌ലി ചുഴലിക്കാറ്റിനുശേഷം ഗജ എത്തിയപ്പോള്‍ പേരുകളിലെ വ്യത്യസ്തതയാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ചുഴലിക്കാറ്റിനെ തിരിച്ചറിയുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുമാണ് സാങ്കേതിക വാക്കുകള്‍ക്ക് പകരം പേരുകള്‍ ഉപയോഗിക്കുന്നത്. ആശയവിനിമയം എളുപ്പമാക്കുന്നതിന്റെ ഭാഗമായി ചെറിയ പേരുകളാണ് നല്‍കാറുള്ളത്. അക്ഷരമാല ക്രമത്തിലാണ് 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കിയിരുന്നത്. പിന്നീട് സ്ത്രീകളുടെ പേരുകള്‍ നല്‍കിത്തുടങ്ങി. 1979ല്‍ പുരുഷന്‍മാരുടെ പേരും ഉപയോഗിക്കാന്‍ തുടങ്ങി.

വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷനാണ് ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള ഓരോ പ്രദേശത്തെയും രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ പട്ടികയായി സൂക്ഷിക്കുന്നതും, പേരു നല്‍കുന്നതും. പട്ടികയിലുള്ള പേരുകള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ഉപയോഗിക്കും. 2025ന് ശേഷം വീണ്ടും ഗജ എന്ന പേര് ഉപയോഗിച്ചേക്കാമെന്ന് അര്‍ഥം. വലിയ നാശനഷ്ടം വരുത്തുകയും ജനങ്ങള്‍ മരിക്കാനിടയാകുകയും ചെയ്യുന്ന ചുഴലിക്കാറ്റുകളുടെ പേരുകള്‍ വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പിന്നീട് ഉപയോഗിക്കാറില്ല.

ഇന്ത്യന്‍ മഹാ സമുദ്രത്തിനു വടക്കു വശത്ത് വീശുന്ന കാറ്റിനു പേരുകള്‍ നല്‍കുന്നത് ബംഗ്ലദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ്. ഒഡീഷയില്‍ വീശിയടിച്ച തിത്‌ലിക്ക് ആ പേരു നിര്‍ദേശിച്ചത് പാകിസ്ഥാനാണ്. ഗജ നിര്‍ദേശിച്ചത് ശ്രീലങ്ക. അടുത്ത കാറ്റിന്റെ പേര് നല്‍കുന്നത് തായ്‌ലന്‍ഡ് നല്‍കിയ പട്ടികയില്‍നിന്നായിരിക്കും.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7പിഎം7എഎം) മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിനു പോകാതിരിക്കുക.കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി മുഖ്യ മന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക എന്നീ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്