Main Menu

ക്രിക്കറ്റിലും ഫുട്‌ബോളിലും മാത്രമല്ല കഴിവ്; തകര്‍പ്പന്‍ ഡാന്‍സിന് ചുവടുവെച്ച് വിരാട് കൊഹ്‌ലി (വീഡിയോ)

 

ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും തന്റെ കഴിവ് തെളിയിച്ചിരുന്നു കഴിഞ്ഞദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. ഇപ്പോഴിതാ നൃത്തതിലും താന്‍ ഒട്ടും മോശമല്ലെന്ന് കാണിച്ചു തരികയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍. ആമിര്‍ ഖാനൊപ്പം ചുവടുവെയ്ക്കുന്ന കൊഹ്‌ലിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സീ ടിവിയിലെ ദിവാലി സ്‌പെഷ്യല്‍ ചാറ്റ് ഷോയിലായിരുന്നു രസകരമായ നിമിഷങ്ങള്‍ അരങ്ങേറിയത്. ആമിറിന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ രംഗ് ദേ ബസന്ദിയിലെ ഗാനത്തിനൊത്തായിരുന്നു ഇന്ത്യന്‍ നായകന്റെ നൃത്തം. കൊഹ്‌ലിയുടെ നൃത്തത്തില്‍ ആവേശം കൊണ്ട് ആമിറും താരത്തിനൊപ്പം ചേരുകയായിരുന്നു.


ആമിറിനും കൊഹ്‌ലിക്കുമൊപ്പം പരിപാടിയുടെ അവതാരകനായ അപാര്‍ശക്തി ഖുറാനയും ചുവടുകള്‍ വെച്ചതും കൗതുകമായി. നിലയ്ക്കാത്ത കയ്യടിയോടെയാണ് കാണികള്‍ കോഹ്‌ലിയുടെ നൃത്തത്തെ സ്വീകരിച്ചത്. നേരത്തെ ഇതേ പരിപാടിയിലെ വിരാടിന്റെ വാക്കുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയെ കുറിച്ചുള്ള കൊഹ്‌ലിയുടെ വെളിപ്പെടുത്തലുകളുടെ പേരിലായിരുന്നു ആദ്യം പരിപാടി വാര്‍ത്തകളില്‍ ഇടം നേടിയത്. പിന്നാലെ അനുഷ്‌കയ്ക്ക് താരം നല്‍കിയിരിക്കുന്ന ഓമന പേരും പരിപാടിയിലൂടെ ആരാധക ലോകം അറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പരിപാടിയുടെ പൂര്‍ണ്ണരൂപം സീ ടിവി സംപ്രേക്ഷണം ചെയ്തത്.

നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ആധികാരിക പരമ്പര വിജയത്തിന് ശേഷം ന്യൂസിലാന്റിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് വിരാടും കൂട്ടരും. അടുത്ത ആഴ്ച്ചയാണ് പരമ്പര ആരംഭിക്കുക. ആമിറാണെങ്കില്‍ പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ തിരക്കിലാണ്. പ്രീമയര്‍ ഷോ കണ്ടവരെല്ലാം ചിത്രത്തിന് മികച്ച അഭിപ്രായമാണ് നല്‍കിയിരിക്കുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്