കോഴിക്കോട്ട് അന്യസംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട്ട് അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജയ്സിംഗ് യാദവ്(35) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ കലഹത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.സംഭവത്തെ തുടര്‍ന്ന് ജയ്സിംഗ് യാദവിന്റെ ബന്ധു ഭരതിനെ മെഡിക്കല്‍ കോളെജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
വെട്ടുകല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി വളയനാട്മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പിലാണ് സംഭവം. പ്രിന്റിംഗ് പ്രസിലെ തൊഴിലാളിയാണ് പിടിയിലായ ഭരത്. ഭരതിനെ കാണാനായി സഹോദരനായ ജിതേന്ദ്രനും ഭരതിന്റെ ഭാര്യാ സഹോദരനായ ജയ്സിംഗ് യാദവും എത്തി. മൂവരും രാത്രിയില്‍ സംസാരിച്ചിരിക്കുകയും തുടര്‍ന്ന് മദ്യപിക്കുകയും ചെയ്തു.
മദ്യപിച്ച ശേഷം മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഭരത് സമീപത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് ജയ്സിംഗ് യാദവിന്റെ തലക്കടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. രാത്രി ഏറെ വൈകിയും ഇവര്‍ പ്രദേശത്ത് നിന്ന് പോവാത്തത് ശ്രദ്ധയില്‍പെട്ട മറ്റു തൊഴിലാളികള്‍ സ്ഥല ഉടമയെ അറിയിച്ചു. പിന്നീട് ഉടമ മെഡിക്കല്‍ കോളെജ് പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോള്‍ മൂവരും മദ്യപിച്ചിരുന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ഭരത് ഈ സമയവും ഇവിടെ തന്നെയുണ്ടായിരുന്നു. മരിച്ച ജയ്സിംഗ് യാദവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.