Main Menu

കൊലപാതകരംഗമോ, ബലാത്സംഗരംഗമോ അവിഹിതബന്ധമോ ആസ്വദിക്കാം, ലിപ് ലോക് പറ്റില്ല; തുറന്നടിച്ച് ടൊവിനോ തോമസ്

കൊച്ചി: ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നത് മോശം കാര്യമൊന്നുമല്ലെന്ന് നടന്‍ ടൊവിനോ തോമസ്. കപടസദാചാര ബോധമുള്ളവരാണ് വിമര്‍ശിക്കുന്നതെന്നും ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ തോമസ് തുറന്നടിച്ചു.

‘ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കുന്നത് മോശം കാര്യമൊന്നുമല്ല. തിരക്കഥയില്‍ പ്രാധാന്യമുള്ളതുകൊണ്ടാണ് അത്തരം രംഗങ്ങളില്‍ അഭിനയിച്ചത്. ലിപ് ലോക് രംഗങ്ങളില്ലാത്ത ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ചില ആളുകള്‍ക്ക് സിനിമയിലെ എന്റെ പ്രകടനത്തേക്കാളുപരി അത്തരം രംഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണിഷ്ടം.

”വളരെ നന്നായിത്തന്നെയാണ് ആ രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്. കപടസദാചാരബോധമുള്ളവരാണ് വിമര്‍ശിക്കുന്നത്. ഹോളിവുഡിലൊക്കെ അത്തരം രംഗങ്ങളാകാം, പക്ഷേ ഇവിടെ ഇത് പറ്റില്ല എന്ന ആറ്റിറ്റിയൂഡ്. ഇതേ ആളുകള്‍ തന്നെയാണ് ‘മലയാളസിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ വേണം, നമ്മള്‍ പുരോഗമനപരമായി ചിന്തിക്കുന്നില്ല’ എന്നൊക്കെ പറയുന്നതും.

‘ഒരു ബെഡ്‌റൂം സീനോ, ലിപ് ലോക് രംഗമോ കണ്ടാല്‍ ഇതേ ആളുകള്‍ അസ്വസ്ഥരാകുകയും ചെയ്യും. ഇത് നമ്മുടെ സംസ്‌കാരമല്ലെന്ന് പറയും. കൊലപാതകരംഗമോ, ബലാത്സംഗരംഗമോ അവിഹിതബന്ധമോ ആസ്വദിക്കാം, പക്ഷേ പ്രണയരംഗങ്ങള്‍ ആസ്വദിക്കുക എന്നത് അവരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.

‘വ്യത്യസ്തമായ ഏന്ത് ചെയ്താലും ആളുകള്‍ ചോദ്യം ചെയ്യും. ഒരു സിനിമയെ സിനിമയായി കാണണം. അതിന്റെ ഉള്ളടക്കത്തെയാകണം ആഘോഷിക്കേണ്ടത്. എന്റെ കരിയറിലെ വലിയ ഹിറ്റുകളായ മായാനദിയിലും തീവണ്ടിയിലും ഇത്തരം രംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ രംഗങ്ങളല്ല ആ സിനിമകളെ ഹിറ്റാക്കിയത് എന്നുകൂടി ഓര്‍ക്കണം’, ടൊവിനോ പറയുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്