കൊച്ചി: എറണാകുളം കലൂരില്‍ നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. കലൂരിലെ സ്വകാര്യലാബില്‍ ജീവനക്കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതര മുറിവേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ അഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി മൊഴി നല്‍കി.

രാവിലെ ഏഴ് മണിയോടെ കലൂര്‍ ദേശാഭിമാനി ജംഗ്ഷനിലായിരുന്നു ദാരുണ സം‌ഭവം. സമീപത്തെ സ്വകാര്യ ലാബില്‍ ജീവനക്കാരിയായ യുവതി ജോലിക്കായി ഓട്ടോയില്‍ കലൂരിലേക്ക് വരുമ്പോഴായിരുന്നു ആക്രമണത്തിന് ഇരയായത്. പ്രതിയായ കോതമംഗലം സ്വദേശി ശ്യം ‌ഓട്ടോ തടഞ്ഞ് നിര്‍ത്തി പെയിന്‍റിങിന് ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. യുവതിയുടെ കഴുത്തിനു പുറകിലും തുടയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപെട്ട പ്രതി മണിക്കൂറുകള്‍ക്കകം തന്നെ പോലീസ് വലയിലായി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവതിയെ പ്രതി നിരന്തരം ശല്യം ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടില്ല.