Main Menu

‘കേരള ഫ്ളഡ്സ് ദി ഹ്യൂമണ്‍ സ്റ്റോറി’ പറയും കേരളത്തിന്റെ ചങ്കുറപ്പ്; പോരാട്ട വിജയത്തിന്റെ കഥ ഡിസ്‌ക്കവറി ചാനല്‍ ഡോക്യുമെന്ററിയാക്കുന്നു

തിരുവനന്തപുരം: ഒറ്റക്കെട്ടായി ചങ്കുറപ്പോടെ മഹാമാരിയെ എതിരിട്ട കേരളത്തിന്റെ കഥ പറഞ്ഞ് ഡിസ്‌ക്കവറി ചാനല്‍. ‘കേരള ഫ്ളഡ്സ് ദി ഹ്യൂമണ്‍ സ്റ്റോറി’ കേരളത്തിന്റെ ഒരുമയുടെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്.

ദുരിതത്തില്‍ പെട്ടവരുടെ അതിജീവന കഥകള്‍, രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികള്‍ നീട്ടിയ സഹായ ഹസ്തങ്ങള്‍, സന്നദ്ധ സംഘടനകളിലുള്ളവര്‍ക്കൊപ്പം കൈമെയ് മറന്ന് പണിയെടുത്ത സിനിമാ താരങ്ങള്‍, അങ്ങനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നീട്ടിയ കൈകളെ പിടിച്ചു കയറ്റിയ നിരവധി പേരെ ഈ ഡോക്യമെന്ററിയിലൂടെ ഡിസ്‌കവറി ചാനല്‍ പരിചയപ്പെടുത്തുന്നുണ്ട്. നവംബര്‍ 12ന് രാത്രി ഒമ്പത് മണിക്കായിരിക്കും ഡിസ്‌കവറി ചാനലില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനാണ് ഓഗസ്റ്റ് 15 മുതല്‍ കേരളം സാക്ഷിയായത്. 11 ദിവസത്തിലധികം നീണ്ടു നിന്ന മഴ 40,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ഈ ഡോക്യുമെന്ററിയിലൂടെ തകര്‍ച്ച എന്ന് സ്വയം നിര്‍വചിക്കാന്‍ കൂട്ടാക്കാതെ നിവര്‍ന്ന് നിന്ന് പോരാടിയ കേരളത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡിസ്‌കവറി ചാനലിന്റെ വൈസ് പ്രസിഡന്റ് ആന്‍ഡ് ഹെഡ് സുല്‍ഫിയ വാരിസ് പറഞ്ഞു.

‘സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര വലിയ ദുരന്തമാണ് ഈ വര്‍ഷം കേരളം നേരിട്ടത്. ഏതൊന്നിനേയും പോലെ ഇവിടേയും ഒരുപക്ഷെ പില്‍ക്കാലത്ത് മറവിയിലേക്ക് മാഞ്ഞുപോകുകയും തലക്കെട്ടുകളില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്യുന്ന നന്മകള്‍ ഉണ്ട്. കേരളത്തിന്റെ രക്ഷയ്ക്കും പുനര്‍നിര്‍മാണത്തിനുമായി രാപ്പകല്‍ അക്ഷീണരായി പ്രവര്‍ത്തിച്ച നൂറുകണക്കിന് ആളുകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരിക എന്നതാണ് ‘കേരള ഫ്ളഡ്സ് ദി ഹ്യൂമന്‍ സ്റ്റോറി’ എന്ന ഡോക്യുമെന്ററിയിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ തകര്‍ച്ച എല്ലാവരും കണ്ടുകഴിഞ്ഞു. എന്നാല്‍ അത് എങ്ങനെയാണ് തകര്‍ച്ചയെ അതിജീവിച്ചതെന്നും സ്വയം കെട്ടിപ്പടുത്തതെന്നും കാണാനുള്ള സമയമായിട്ടുണ്ട്. തോറ്റുപോകാത്തെ കേരളത്തിന്റെ കഥയാണ് ഞങ്ങള്‍ പറയുന്നത്,’ സുല്‍ഫിയ വ്യക്തമാക്കി.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്