Main Menu

കേരളത്തെ പുനര്‍നിര്‍മിക്കാന്‍ തന്റെ ഒരു മാസത്തെ ശമ്പളത്തോടൊപ്പം സ്വര്‍ണമാല കൂടി ഊരിനല്‍കി; പുതിയ മാതൃക സൃഷ്ടിച്ച് ഷമീമ ടീച്ചര്‍

തലശേരി: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താനുളള കഠിന പ്രയത്‌നത്തിലാണ് മലയാളികള്‍. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനോടകം തന്നെ ചെറുതും വലുതുമായ അനേകം സഹായങ്ങളാണ് ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ രണ്ടു പവനിലേറെ വരുന്ന സ്വര്‍ണമാല ഊരി നല്‍കി പുതിയ മാതൃക സൃഷ്ടിക്കുകയാണ് തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഷമീമ ടീച്ചര്‍. ഏറെ കാലമായി കഴുത്തിലണിഞ്ഞു നടന്നിരുന്ന 16.280 ഗ്രാം വരുന്ന സ്വര്‍ണമാലയാണു ദുരിതത്തിന്റെ കണ്ണീര്‍ കയങ്ങളില്‍നിന്നു സ്വന്തം സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്താനുള്ള ചരിത്രപരമായ ദൗത്യത്തില്‍ പങ്കാളിയായിക്കൊണ്ട് ടീച്ചര്‍ സംഭാവനയായി നല്‍കിയത്.

നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ‘വണ്‍ മന്ത് ഫോര്‍ കേരള’ ക്യാംപയിനിലേക്ക് ടീച്ചര്‍ തന്റെ ഒരുമാസത്തെ ശമ്പളം മാറ്റിവച്ചിരുന്നു. അതിനു പുറമേയാണ് ടീച്ചര്‍ തന്റെ മാല കൂടി കേരളത്തിനായി നല്‍കിയിരിക്കുന്നത്. തന്റെ കൈയില്‍ പണമായി നല്‍കാന്‍ തല്‍ക്കാലം ഇല്ലാത്തതുകൊണ്ടാണു സ്വര്‍ണമാല നല്‍കിയതെന്നു വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട സുവോളജി ടീച്ചര്‍ പറഞ്ഞു. പ്രളയബാധിതരായ ലക്ഷക്കണക്കിനാളുകളുടെ അവസ്ഥ വച്ചു നോക്കുമ്പോള്‍ താന്‍ ചെയ്തത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ടീച്ചര്‍ കലക്ടറേറ്റില്‍ നേരിട്ടെത്തി ഡപ്യൂട്ടി കലക്ടര്‍ സി.എം. ഗോപിനാഥനു മാല കൈമാറുകയായിരുന്നു. കേരളം ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള പ്രതികരണങ്ങളാണു നമുക്കിടയില്‍നിന്നുണ്ടാവുന്നതെന്ന് സി.എം. ഗോപിനാഥ് അഭിപ്രായപ്പെട്ടു. അത്തരമൊരു ശ്ലാഘനീയമായ പ്രവര്‍ത്തനമാണു ടീച്ചറുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഫിനാന്‍സ് ഓഫിസര്‍ കെ പി മനോജനും ചടങ്ങില്‍ സംബന്ധിച്ചു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്