Main Menu

കേരളത്തിലേക്കുള്ള ഫണ്ട് സ്വരൂപിക്കുന്ന സംഘടനകള്‍ക്ക് യുഎഇ സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം വേണം: നവ്ദീപ് സിങ് സൂരി

അബുദബി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങേകാന്‍ ഫണ്ട് സ്വരൂപിക്കുന്ന യുഎഇയിലെ സംഘടനകള്‍ക്ക് യുഎഇ സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം ആവശ്യമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി വ്യക്തമാക്കി. എന്നാല്‍ വ്യക്തികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണമയക്കാം എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമയക്കാന്‍ യുഎഇയിലെ പണമിടപാടു സ്ഥാപനങ്ങള്‍ ഫീസ് ഈടാക്കാതെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ എത്ര തുക വേണമെങ്കിലും അയക്കാം. എത്ര ചെറിയ തുകയും സൗജന്യമായി അയക്കാനാവും. യുഎഇ സര്‍ക്കാരിന്റെ അംഗീകാരത്തോടെ പണം ശേഖരിക്കാന്‍ പ്രത്യേക അനുമതിയുള്ള റെഡ് ക്രെസന്റ് പോലുള്ള സംഘടനകളുണ്ട്. അവയ്ക്കു മാത്രമേ വ്യക്തികളില്‍നിന്ന് പണം സമാഹരിച്ച് അയയ്ക്കാനാവൂ. ഏതെങ്കിലും ഇന്ത്യന്‍ സംഘടനകള്‍ക്ക് ഇത്തരത്തിലുള്ള അംഗീകാരമുണ്ടോയെന്ന് യുഎഇ അധികൃതരോട് അന്വേഷിക്കേണ്ടതുണ്ട്. യുഎഇ നിയമമനുസരിച്ചു മാത്രമെ സംഘടനകള്‍ വ്യക്തികളില്‍ നിന്ന് ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാവൂ.

യുഎഇയിലെ പ്രാദേശിക നിയമം കര്‍ശനമായും വ്യക്തികളും സംഘടനകളും പാലിക്കണം. സാധനസാമഗ്രികള്‍ എത്തിക്കാനുള്ള സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പരിശ്രമത്തേക്കാള്‍ നല്ലത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം അയക്കുന്നതാണ്. മരുന്നുള്‍പ്പെടെയുള്ള എല്ലാ ഉല്‍പന്നങ്ങളും വളരെ കുറഞ്ഞ ചെലവില്‍ ശേഖരിക്കാനും വിതരണം ചെയ്യാനും കേരളത്തില്‍ സാധിക്കുമെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി. പുനരധിവാസ നടപടികളില്‍ യുഎഇയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സന്നദ്ധ സേവനം ഉറപ്പാക്കാനാവും. താല്‍പര്യമുള്ളവര്‍ ഏത് മേഖലയില്‍ സേവനം നടത്തുമെന്നത് മുന്‍കൂട്ടി അറിയിക്കണം. എന്നും അദ്ദേഹം പറഞ്ഞു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്