Main Menu

കേരളത്തിനായി കൈകോര്‍ത്ത് വിദേശ രാജ്യങ്ങളും; പ്രളയ ബാധിതര്‍ക്കായി സഹായം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രമേയം; ന്യുസിലാന്‍ഡ് പ്രതിപക്ഷ നേതാവും കേരളത്തിനായി രംഗത്ത്; കേരളത്തോട് കേന്ദ്രം മുഖം തിരിക്കുമ്പോഴും ലോക രാജ്യങ്ങള്‍ മലയാളിക്കൊപ്പം

ഓക് ലാന്‍ഡ്: വിദേശികള്‍ക്കേറെ പ്രിയപ്പെട്ടനടാണ് കേരളം. അവര്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കുന്ന കേരളം പക്ഷേ ഇന്ന് വളരെ ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കേരളക്കരയാകെ വെള്ളത്തില്‍ മുക്കിയ പ്രളയം വിദേശികളുടെ പ്രിയപ്പെട്ട നാടിന്റെ മുഖഛായ തന്നെ ഇന്ന് മാറ്റിക്കളഞ്ഞു. ഈ സാഹചര്യത്തില്‍ കേരളം തങ്ങള്‍ക്ക് കേവലം ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല എന്ന് തെളിയിച്ചുകൊണ്ട് കേരളത്തിനു കൈത്താങ്ങുമായി അനേകം വിദേശ രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. അവര്‍ കേരളത്തോട് കാണിക്കുന്ന ഈ സ്‌നേഹം എടുത്ത് പറയേണ്ട ഒന്നു തന്നെയാണ്. ഗള്‍ഫ് നാടുകള്‍ക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് സഹായ വാഗ്ദാനങ്ങളുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ മലയാളി സമൂഹം കേരളത്തിനായി നടത്തുന്ന ധനശേഖരണത്തിന് ഒപ്പം ചേര്‍ന്ന് അവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തെ കരകയറ്റാനായി ഓസ്‌ട്രേലിയന്‍ മലയാളികള്‍ നടത്തുന്ന ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രമേയം വരെ പാസാക്കപ്പെട്ടത് മലയാളികള്‍ക്കുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു. ഓസ്‌ട്രേലിയയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കുന്ന സമൂഹമാണ് മലയാളികളെന്നും, കേരളത്തിന്റെ ദുരിതത്തില്‍ ഓസ്‌ട്രേലിയയും സഹായിക്കണമെന്നും ലേബര്‍ എം പി ആന്തണി ബൈണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അടുത്തിടെ കേരളത്തെ പ്രളയ ദുരന്തത്തില്‍ സഹായിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ടുവന്നിരുന്നു. അതിനിടയിലാണ് ഹോള്‍ട്ട് എം പി ആന്തണി ബൈണ്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നത്. പത്തു മിനിട്ടോളം നീണ്ടു നിന്ന പ്രസംഗത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് പരാമര്‍ശിച്ചു പ്രസംഗം നടത്തി. അവസാന അഞ്ചു മിനിട്ടും കേരളത്തിലെ ദുരന്തത്തെയും, അതിനായി എത്തിക്കേണ്ട സഹായങ്ങളെയും കുറിച്ചാണ് വിശദീകരിച്ചത്.

കേരളത്തിന് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ സഹകരിക്കണെമെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. 2016 സെന്‍സസ് കണക്കുകളില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ സംഭാവനകളും പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ഇതിനു പിന്നാലെ ഓസ്‌ട്രേലിയയുടെ മാതൃകയില്‍ കേരളാ പ്രളയം ദുരിതാശ്വാസ ഫണ്ട്‌സംഭാവന ചെയ്തു സഹായിക്കണമെന്ന അപേക്ഷയുമായി ന്യുസിലാന്‍ഡ് പ്രതിപക്ഷ നേതാവും നാഷണല്‍ പാര്‍ട്ടി ലീഡറുമായ സൈമണ്‍ ബ്രിഡ്ജും രംഗത്തെത്തിയിരുന്നു. ന്യൂസിലാന്‍ഡിലെ മലയാളി സമൂഹം തന്നെയാണ് കേരളം ദുരിതത്തിലായ അവസ്ഥ ഇവിടുത്തെ നാട്ടുകാരെ ബോധ്യപ്പെടുത്തിയത്. ന്യൂസിലാന്‍ഡിലെ മലയാളികളുടെ പ്രധാന സംഭാവന ആരോഗ്യ മേഖലയിലാണ്. നഴ്‌സുമാരും ഡോക്ടര്‍മാരും അടക്കം നിരവധി പേര്‍ ഇവിടെ ജോലി ചെയ്തു വരുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ മലയാളി സമൂഹവും കേരളത്തെ സഹായിക്കാനായി പണം സ്വരൂപിക്കുന്നുണ്ട്.

ഓസ്‌ട്രേലിയയില്‍ ന്യൂ സൗത്ത് വെയില്‍സിലെ പ്രതിപക്ഷ നേതാവും ലേബര്‍ നേതാവുമായി ല്യൂക്ക് ഫോളി ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നു.നിരവധി ഭരണ പ്രതിപക്ഷ എംപിമാരും ഔദ്യോഗികമായി കേരളത്തെ സഹായിക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ പീഡിയാട്രിക് ഡോക്ടറുമാരുടെ ഒരു ടീം മലയാളി ആയ ഡോക്ടര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ക്യാമ്പ് ചെയ്തു കുട്ടികള്‍ക്ക് വേണ്ട മെഡിക്കല്‍ സഹായം ഇപ്പോള്‍ ചെയ്തു വരുകയാണ്. നാല്‍പ്പതിനായിരത്തില്‍ പരം മലയാളികള്‍ വസിക്കുന്ന ന്യൂസിലാണ്ടില്‍ രാജ്യമെന്ന നിലയില്‍ പല മലയാളികളും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു രംഗത്തുവന്നിട്ടുണ്ട്.

ഇരു രാജ്യങ്ങളില്‍ നിന്നും സഹായം ഒഴുകുമ്പോള്‍ മലയാളികളുള്ള യൂറോപ്യന്‍ രാജ്യങ്ങളും ധനസമാഹരണത്തില്‍ ഒട്ടു പിന്നിലല്ല. ജര്‍മ്മനിയിലും ബ്രിട്ടനില്‍ നിന്നു സഹായ വാഗ്ദാനങ്ങള്‍ പ്രവഹിക്കുന്നുണ്ട്. ബ്രിട്ടനിലെ മലയാളികളും തങ്ങളാല്‍ ആകുന്ന വിധത്തില്‍ കേരളത്തെ സഹായിക്കാന്‍ രംഗത്തുണ്ട്. ബ്രിട്ടീഷ് തെരുവുകളില്‍ നിന്ന് പണം ചോദിച്ചു വാങ്ങുകയാണ് നിരവധി പേര്‍. ബ്രിട്ടീഷ് മലയാളി ഫ്ലഡ് അപ്പീലിന് പിന്തുണ തേടി ഇന്നലെ റെഡിങ്, സന്ദര്‍ലാന്റ് എന്നിവിടങ്ങളിലും കുട്ടികള്‍ തെരുവിലെത്തി. ഇതോടെ ഈ ഇനത്തില്‍ മാത്രം ബ്രിട്ടീഷ് മലയാളി അപ്പീലിലേക്കു രണ്ട് ലക്ഷത്തിനടുത്ത് രൂപ എത്തിയേക്കും. പല മലയാളി അസോസിയേഷനുകളും ഫണ്ട് ശേഖരണത്തിന് ഇറങ്ങിയിട്ടുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്