Main Menu

കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ; കോടതി സ്റ്റേ അനുവദിച്ചത് രണ്ടാഴ്ചത്തേക്ക്

കൊച്ചി: കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്. കോടതി ചെലവായ 50,000 രൂപ ഒരാഴ്ചക്കകം കെട്ടിവെക്കണം.കേസ് ചൊവ്വാഴ്ച പരിഗണിക്കും.

സ്റ്റേ അനുവദിച്ചതിനാല്‍ ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് തുടരാം. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം. എന്നാല്‍ ശമ്പളം വാങ്ങാനോ സംസാരിക്കാനോ അനുവാദമുണ്ടാകില്ല.

ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു നികേഷിന്റെ ഹര്‍ജിയിലെ ആവശ്യം.സിപിഐഎമ്മിന്റെ കുത്തക മണ്ഡലമായിരുന്ന അഴീക്കോട്ട് പ്രകാശന്‍ മാസ്റ്ററെ 400 വോട്ടിന് തോല്‍പിച്ചാണ് യൂത്ത് ലീഗ് നേതാവായ ഷാജി 2011 ല്‍ സീറ്റ് പിടിച്ചെടുത്തത്. അന്ന് മുതല്‍ സീറ്റ് തിരിച്ചുപിടിക്കുക സിപിഐഎമ്മിന്റെ ലക്ഷ്യമായിരുന്നു. ഷാജിക്കെതിരെ സിപിഐഎം കണ്ടെത്തിയത് എം.വി നികേഷ്‌കുമാറിനെയായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയ നികേഷിന്റെ സമാനതകളില്ലാത്ത ചില പ്രചാരണ പരിപാടികളും കേരളം കണ്ടു. കിണറ്റിലിറങ്ങി വെള്ളത്തിന്റെ ശുദ്ധി പരിശോധിച്ചതടക്കം നികേഷിന്റെ വേറിട്ട പരീക്ഷണങ്ങളായിരുന്നു അഴീക്കോട് കണ്ടത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അഴീക്കോട് മണ്ഡലത്തില്‍ കണ്ടത്. ലീഡ് പലതവണ മാറിമറിഞ്ഞ് ഒടുവില്‍ 2287 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാജിയും യുഡിഎഫും മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖയാണ് കോടതി വിധിക്ക് അടിസ്ഥാനമായ തെളിവായി മാറിയത്. കഷ്ടിച്ച് 20 ശതമാനം മാത്രം മുസ് ലിം വോട്ടര്‍മാര്‍ മാത്രമുള്ള മണ്ഡലത്തില്‍ എങ്ങനെയാണ് ഇത്തരമൊരു നോട്ടീസുകൊണ്ട് ജയിക്കാന്‍ കഴിയുക എന്നതാണ് ഷാജി ചോദിക്കുന്നത്. തന്നെ ജയിപ്പിക്കുന്നതിന് പകരം തോല്‍പിക്കാനല്ലേ ഇത്തരമൊരു നോട്ടീസുകൊണ്ട് കഴിയൂവെന്നും ഷാജി പറയുന്നു.

ബാര്‍ കോഴക്കേസില്‍ കോഴ വാങ്ങി, താന്‍ വിശ്വാസിയല്ല എന്ന് പ്രചരിപ്പിക്കാന്‍ ഇറക്കിയ ലഘുലേഖ അടക്കമുള്ളവയും വര്‍ഗീയപ്രചാരണവുമാണ് തോല്‍വിക്ക് ഇടയാക്കിയതെന്നായിരുന്നു നികേഷ് പരാതിയില്‍ ഉന്നയിച്ചത്.

കേരളത്തില്‍ ഇതിന് മുമ്പും എംഎല്‍എമാരെ അയോഗ്യരാക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1991ല്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംഎല്‍എ ആയ സിപിഐഎം നേതാവ് ഒ. ഭരതനെ 1992ല്‍ ഹൈക്കോടതി അയോഗ്യനാക്കി. പകരം കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. സുധാകരന്‍ എംഎല്‍എയായി സത്യപതി!ജ്ഞയെടുക്കുകയും ചെയ്തു. എന്നാല്‍, 1996ല്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദു ചെയ്തതതോടെ ഒ. ഭരതന്‍ എംഎല്‍എയായി തിരിച്ചെത്തി.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്