Main Menu

കുവൈറ്റില്‍ തൊഴിലനുമതി പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; നിയമം ഈ മാസം മുതല്‍ പ്രാബല്യത്തില്‍

കുവൈറ്റ്: തൊഴിലനുമതി പുതുക്കാന്‍ യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം കുവൈറ്റില്‍ ഈ മാസം പ്രാബല്യത്തില്‍ വരും. നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ജാറ അല്‍ സബാഹും സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹും തമ്മില്‍ ധാരണയായി.

ബിരുദധാരികളായ വിദേശികള്‍ വിസയും ജോലിയും നേടിയതിന് ശേഷം യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ഇഖാമ പുതുക്കി നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവ് നല്‍കില്ല. തൊഴില്‍ തേടുമ്പോള്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റും ഇഖാമ പുതുക്കാന്‍ ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റും വ്യത്യസ്തമാണെങ്കില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടി വരും. വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തിയാകും കേസ്.

വിദേശികള്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള നടപടിയല്ല ഇതെന്ന് അധികൃതര്‍ അറിയിച്ചു. യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്. വിദേശികളില്‍ ചിലര്‍ തൊഴില്‍ നേടാന്‍ ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു സംശയം പ്രചരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനസംഖ്യാ അസന്തുലനം കുറയ്ക്കുന്നതിനും നടപടി സഹായകമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അവിദഗ്ധരുടെ എണ്ണം കുറയ്ക്കുകയും വ്യാജ ബിരുദധാരികളെ ഒഴിവാക്കുകയും ചെയ്യാനാകും. ഗള്‍ഫില്‍ ജോലി സമ്പാദിച്ചവരില്‍ വ്യാജ ബിരുദധാരികളുമുണ്ടെന്ന് രണ്ടുവര്‍ഷം മുന്‍പു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അത്തരക്കാരെ കണ്ടെത്താന്‍ നടപടി തുടങ്ങിയത്.

യുഎസിലെ അനധികൃത സര്‍വകലാശാലകളില്‍നിന്നു ബിരുദം നേടിയ 3142 പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. അത്തരക്കാരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തീരുമാനം. നിലവില്‍ ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ പുതിയ വ്യവസ്ഥ വലയ്ക്കുമെന്നാണു കരുതുന്നത്. ജോലിയില്‍ പ്രവേശിച്ചശേഷം സ്ഥാനക്കയറ്റത്തിനും മറ്റുമായി ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരുമുണ്ട്.

കുവൈറ്റില്‍ ജോലിയില്‍ തുടരുകയും അക്കാലയളവില്‍ തന്നെ വിദേശത്തെ ഏതെങ്കിലും സര്‍വകലാശാലയുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചു നല്‍കുകയും ചെയ്തവരാണ് ചിലര്‍. റഗുലര്‍ കോഴ്‌സിലൂടെ നേടേണ്ട ബിരുദം മറ്റു മാര്‍ഗങ്ങളിലൂടെ നേടിയവരുമുണ്ടെന്ന് കുവൈറ്റ് അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്