കുവൈത്ത്: വിദേശികളുടെ മെഡിക്കൽ ഫീസ് വർദ്ധന ഈ മാസം പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രി ഡോ . ജമാൽ ഹർബി. ആദ്യഘട്ടത്തിൽ സന്ദർശന വിസയിലെത്തുന്ന വിദേശികൾക്കാണ് പുതുക്കിയ ചകിത്സാ നിരക്കുകൾ ​ ബാധകമാകുക. സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന നിരക്കുകളേക്കാൾ കുറവായിരിക്കും സർക്കാർ ആശുപത്രികൾ ഈടാക്കുകയെന്നും മന്ത്രി സൂചിപ്പിച്ചു.

നിരക്ക് വർദ്ധന സംബന്ധിച്ച അന്തിമ തീരുമാനം പെരുന്നാൾ അവധിക്കു ശേഷമുണ്ടാകുമെന്നു നേരത്തെ മന്ത്രി പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ദിവസം അൽ റായി പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്. ആദ്യഘട്ടത്തിൽ സന്ദർശക വിസയിലെത്തുന്നവരുടെ ചികിത്സാ നിരക്കുകളാണ് വർദ്ധിപ്പിക്കുക. പിന്നീട് തൊഴിൽ- ആശ്രിത വിസകളിൽ പുതുക്കിയ നിരക്ക് ബാധകമാകും ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറിമാർ ഉടൻ യോഗം ചേർന്ന് തീരുമാനം ഫലപ്രദമായി നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നു മന്ത്രി അറിയിച്ചു . പുതുക്കിയ നിരക്കുകൾ വെളിപ്പെടുത്തിയില്ലെങ്കിലും നിലവിൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ഫീസിലും 20 ശതമാനം കുറവ് സർക്കാർ ആശുപത്രികളലുണ്ടാകുമെന്നു മന്ത്രി സൂചിപ്പിച്ചു.

സർക്കാർ ആശുപത്രികളിലെ സൗജന്യനിരക്കിലുള്ള ചികിത്സ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിമാത്രം വിദേശികൾകുവൈത്ത് സന്ദർശിക്കുന്നു എന്നും സർക്കാർ ഖജനാവിനു ഇത് മൂലം വൻതുകയുടെ നഷ്ടമുണ്ടാകുന്നു എന്നും വിലയിരുത്തിയാണ് ആരോഗ്യസേവന നിരക്ക് വർധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത് . പാർലിമെന്റ തലത്തിലും ഈ ആവശ്യം ശക്തമായിരുന്നു .

എണ്ണ വിലത്തകർച്ചയുടെ പശ്ചാത്തലത്തിൽ രാജ്യം ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കിയതോടെയാണ് നിരക്ക്പരിഷ്കരണം വേഗത്തിലായത്. വിദേശികൾക്ക് വേണ്ടി യുള്ള ഇൻഷുറൻസ് ആശുപത്രികളുടെ നിർമാണം രാജ്യത്തു പുരോഗമിക്കുകയാണ്. ഇവപ്രവർത്തന സജ്ജമായാൽ സർക്കാർ ആശുപത്രികൾ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്താനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.