Main Menu

കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ടു: മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടരവര്‍ഷം തടവ്

അശ്രദ്ധമായി വാഹനമോടിച്ച് അപകടം സൃഷ്ടിക്കുകയും ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിന് കാരണക്കാരിയാവുകയും ചെയ്ത മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്. കണ്ണൂര്‍ സ്വദേശിനി ഡിംപിള്‍ ഗ്രേസ് തോമസാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിനായിരുന്നു അപകടം. കഴിഞ്ഞദിവസമാണ് വിധി വന്നത്. ഡിംപിള്‍ ഓടിച്ചിരുന്ന കാര്‍ ആഷ്‌ലി എന്ന ഓസ്‌ട്രേലിയക്കാരിയുടെ കാറുമായാണ് കൂട്ടിയിടിച്ചത്.

അപകടസമയത്ത് 28 ആഴ്ച ഗര്‍ഭിണിയായിരുന്നു ആഷ്‌ലി. ഇടിയുടെ ആഘാതത്തില്‍ ആഷ്‌ലിയുടെ വയറിനു മുകളില്‍ സീറ്റ് ബെല്‍റ്റ് മുറുകുകയും അസ്വസ്ഥതകള്‍ക്ക് കാരണമാവുകയും ചെയ്തു. തുടര്‍ന്ന് ആഷ്‌ലിയെ അടിയന്തര സിസേറിയന് വിധേയയാക്കി. കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ടുദിവസത്തിനു ശേഷം മരിച്ചു. അപകടത്തിന്റെ ആഘാതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

ഡിംപിള്‍ വണ്‍വേയിലൂടെ അശ്രദ്ധമായി വാഹനം ഓടിക്കുകയും സൈന്‍ ബോര്‍ഡ് നിര്‍ദേശം അവഗണിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൗത്ത് ഗിപ്പ്സ്ലാന്‍ഡ് ഹൈവേയിലായിരുന്നു അപകടം. വണ്‍വേ തെറ്റിച്ച് തിരക്ക് ഒഴിവാക്കാനായിരുന്നു ഡിംപിള്‍ ഈ വഴി തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയിലെ സ്ഥിരതാമസക്കാരിയാണ് ഡിംപിള്‍.

പതിനഞ്ചുമാസം ശിക്ഷയനുഭവിച്ചതിനു ശേഷം മാത്രമേ ഡിംപിളിന് പരോള്‍ ലഭിക്കുകയുള്ളു. ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്തതിനാല്‍ വണ്‍ വേയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നാണായിരുന്നു ഡിംപിളിന്റെ വാദം. എന്നാല്‍ ഇത് ശരിയല്ലെന്ന് കോടതി കണ്ടെത്തി.

സ്ഥിരതാമസത്തിന് അനുമതി ലഭിച്ചിട്ടുള്ളവരാണെങ്കില്‍ കൂടി ഒരു വര്‍ഷത്തിലധികം ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ അവരെ നാട്ടിലേക്ക് തിരികെ അയക്കാമെന്ന് ഓസ്‌ട്രേലിയന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഡിംപിളിനെ നാട്ടിലേക്ക് തിരികെ അയക്കാനും സാധ്യതയുണ്ട്. 2012 ലാണ് ഡിംപിളും ഭര്‍ത്താവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് മൂന്നുവയസ്സുകാരനായ ഒരു മകനുണ്ട്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്