Main Menu

കാര്‍ ഓടിക്കാന്‍ സമ്മതിച്ചാല്‍ മാത്രമേ വിവാഹക്കരാരില്‍ ഒപ്പിടൂ; സൗദി യുവതിയുടെ ആവശ്യം വൈറലാകുന്നു

റിയാദ്: കാര്‍ ഓടിക്കാന്‍ അനുമതി നല്‍കിയാല്‍ മാത്രമേ വിവാഹക്കരാരില്‍ ഒപ്പിടൂ എന്ന ആവശ്യവുമായി സൗദി യുവതി. യുവതിയുടെ ആവശ്യം സാമൂഹികമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. മൂന്ന് ദിവസം മുന്‍പാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് യുവതിയുടെ ആവശ്യം.

സൗദിയില്‍ വിവാഹിതരാകുന്നതിനുള്ള വധൂവരന്‍മാരുടെ വിവാഹക്കരാറിന് ഏറെ പ്രാധാന്യമാണുള്ളത്. വധുവിന്റെ അനുമതിയില്ലാതെ വരനെ തെരെഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമില്ല. വധുവിന്റെ രക്ഷകര്‍ത്താക്കളും വരനും തമ്മില്‍ ഉണ്ടാക്കുന്ന വിവാഹക്കരാര്‍ അസാധുവാണ്. വരനും വധുവും മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ മാത്രമാണ് വിവാഹക്കരാറിന് ആധാരമായി പരിഗണിക്കുന്നത്.

വധു വരന് നല്‍കുന്ന സ്ത്രീധനസമ്പ്രദായം സൗദിയിലില്ല. എന്നാല്‍ വരന്‍ വധുവിന് വിവാഹമൂല്യം അഥവാ മഹര്‍ നല്‍കണം. ഇത് എന്താണെന്ന് മുന്‍കൂട്ടി അറിയാനുള്ള അവകാശവും വധുവിന് ഉണ്ട്. ഇതെല്ലാം നിക്കാഹിനുമുമ്പ് തയ്യാറാക്കുന്ന വിവാഹ ഉടമ്പടിയില്‍ രേഖപ്പെടുത്തും. ഇത്തരത്തിലുള്ള കരാറിലാണ് വിവാഹം കഴിഞ്ഞാല്‍ കാര്‍ ഓടിക്കാനുള്ള അവകാശം തടയരുതെന്ന് യുവതി ആവശ്യപ്പെട്ടത്. ഏതായാലും യുവതിയുടെ ആവശ്യത്തിന് പിന്തുണയുമായി നിരവധി സൗദി സ്ത്രീകളാണ് മുന്നോട്ട് വന്നിട്ടുള്ളത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്