കശ്മീരില്‍ അഞ്ച് പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: അഞ്ച് പൊലീസുകാരുടെ കുടുംബാംഗങ്ങളെ കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാസേന വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തിയ നിരവധി ഭീകരരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിനു പ്രതികാരമായാണ് തട്ടിക്കൊണ്ടുപോകലെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കശ്മീര്‍ ഭീകരപ്രവര്‍ത്തനത്തിന്റെ 28 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഭീകരര്‍ ഇത്തരത്തില്‍ പൊലീസുകാരുടെ കുടുംബാംഗങ്ങളെ ലക്ഷ്യമിടുന്നത്.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പുല്‍വാമ, അനന്ത്നാഗ്, കുല്‍ഗാം ജില്ലകളില്‍നിന്നാണ് പൊലീസുകാരുടെ കുടുംബാംഗങ്ങളെ തട്ടിയെടുത്തത്.പൊലീസ് ഉദ്യേഗസ്ഥരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ബുധനാഴ്ച ത്രാലില്‍ ഒരു പൊലീസുകാരന്റെ മകനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. മകനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുന്ന അമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വ്യാഴാഴ്ച പുല്‍വാമയില്‍നിന്ന് ഒരു പൊലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി.
ഭീകരരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിനെതിരേയും രണ്ടു ഭീകരരുടെ വീടുകള്‍ അഗ്നിക്കിരയാക്കിയതിനെതിരേയും തെക്കന്‍ കശ്മീരില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.