Main Menu

കല്ല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്തതിന് പിന്നില്‍ ഹൈവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരനെന്ന് സൂചന

പാലക്കാട്: കല്ല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്തതിന് പിന്നില്‍ ഹൈവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരനെന്ന് സൂചന. ശ്രീധരന്റെ സംഘത്തില്‍പെട്ട മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷംസുദ്ദീന്‍ എന്ന നാണിയെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി കോയമ്പത്തൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേരളത്തില്‍ തെരച്ചില്‍ തുടങ്ങി.

തിങ്കളാഴ്ച ഉച്ചയ്ക്ക് കോയമ്പത്തൂരിനും വാളയാറിനുമിടയിലാണ് കല്യണ്‍ ജ്വല്ലേഴ്‌സിന്റെ വാഹനം ആക്രമിച്ച് ഒരു കോടി വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയയെടുത്തത്. ചാവടി പെട്രോള്‍ പമ്പിനടുത്തായി ജ്വല്ലറി ജീവനക്കാര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചശേഷമാണു സ്വര്‍ണവും കാറും തട്ടിയെടുത്തത്. വാളയാറിലെ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നു കൊള്ള സംഘത്തെ കുറിച്ചു സൂചന കിട്ടി.

സിസിടിവി ദൃശ്യങ്ങള്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും ഹവാല സംഘങ്ങളെ കാണിച്ചാണ് ഷംസുദ്ദീനെ തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ എസ്പിയുടെ പ്രത്യേക സംഘം തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളില്‍ തെരച്ചില്‍ തുടങ്ങി.

കവര്‍ച്ചക്കാര്‍ തട്ടിയെടുത്ത കാര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ കറുപ്പന്‍കരയെന്ന സ്ഥലത്തുനിന്നു കണ്ടെത്തിയിരുന്നു. കോടാലി ശ്രീധരന്‍ പ്രതിയായിട്ടുള്ള സമാന കേസുകളില്‍ തട്ടിയെടുത്ത വാഹനങ്ങളും ഇവിടെയായിരുന്നു ഉപേക്ഷിച്ചിരുന്നത്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി സമാനമായ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാണു കോടാലി ശ്രീധരന്‍.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്