Main Menu

കര്‍ണാടകയില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്; വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ദള്‍ അടിയന്തരയോഗം ബംഗളൂരുവില്‍ ചേരും

ബംഗലൂരു: കര്‍ണാടകയില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിഷയം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് ദള്‍ അടിയന്തരയോഗം ബംഗളൂരുവില്‍ ചേരും. മുഴുവന്‍ എംഎല്‍എമാരോടും ബംഗളൂരുവില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജി സന്നദ്ധതയറിയിച്ച് കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ഗൗഡ മുംബൈയിലെ ഹോട്ടലില്‍ എത്തിയെന്നാണ് ബിജെപി ക്യാംപിന്റെ അവകാശവാദം. ഇതോടെ അഞ്ച് കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ഉള്‍പ്പെടെ ഏഴു എംഎല്‍എമാര്‍ ഇവിടെ ക്യാംപ് ചെയ്യുന്നതായാണ് വിവരം.

അതേസമയം ബിജെപിയുടെ നീക്കങ്ങള്‍ തടയാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും, ദളും. എംഎല്‍എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണ്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതില്‍ ആശങ്കയില്ലെന്ന് പറയുമ്പോഴും, ബിജെപിയില്‍ നിന്ന് വിമതരെ പുറത്തെത്തിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസില്‍ സജീവമാണ്.

ഓപ്പറേഷന്‍ താമരയ്ക്ക് തടയിടാന്‍ അതേ നാണയത്തില്‍തന്നെ തിരിച്ചടിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസും. സഖ്യം തകരാതെ നിലനിര്‍ത്തുന്നതിനൊപ്പം ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. മന്ത്രി ഡി കെ ശിവകുമാര്‍ ഇന്ന് മുംബൈയിലെത്തി റിസോര്‍ട്ടില്‍കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ചനടത്തുമെന്നാണ് സൂചനകള്‍. മന്ത്രിമാരായ എം ബി പാട്ടീലും സമീര്‍ അഹമ്മദ് ഖാനും ഇദ്ദേഹത്തെ അനുഗമിക്കും. ആറോളം എം എല്‍ എമാര്‍ ഇപ്പോളും റിസോര്‍ട്ടില്‍ തുടരുകയാണെന്നാണ് സൂചനകള്‍ . അതേസമയം കോണ്‍ഗ്രസ് ദള്‍ എം എല്‍ എമാരെ റിസോര്‍ട്ടിലേയ്ക്ക് നീക്കാനും സാധ്യതയുണ്ട്.

എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ക്കു തടയിടാന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെയും നിയോഗിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സംസ്ഥാന ഭരണം അത്യാവശ്യമാണെന്ന തിരിച്ചറിവിലാണ് ബിജെപി ഓപ്പറേഷന്‍ താമര വീണ്ടും ആസൂത്രണം ചെയ്തത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്