കരുണാകരനെ ചതിച്ചത് ഉമ്മന്‍ചാണ്ടിയും ഹസനും ചെന്നിത്തലയും: വെളിപ്പെടുത്തലുമായി ടി.എച്ച് മുസ്തഫ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ.കരുണാകരനെ താഴെയിറക്കാന്‍ മുന്നില്‍ നിന്നത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ‘എ’ ഗ്രൂപ്പാണെന്ന് മുന്‍മന്ത്രി ടി.എച്ച്.മുസ്തഫ. ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്ന് ഉമ്മന്‍ ചാണ്ടിക്ക് കൂട്ടായുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെപിസിസി പ്രസിഡന്റ് എം.എം.ഹസന് ഇന്നത്തെപ്പോലെ അന്നും അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെന്നും മുസ്തഫ തുറന്നടിച്ചു.
കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതിനു ശേഷം ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്തു പറഞ്ഞുള്ള വിമര്‍ശനവുമായി രംഗത്തെത്തുന്നത്. കരുണാകരനെ ചതിച്ചത് കേരള രാഷ്ട്രീയത്തില്‍ സജീവമായി നില്ക്കുന്ന അഞ്ച് പേരാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ആരൊക്കെയാണെന്ന് അവര്‍ പറഞ്ഞിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളുന്നയിച്ച കെ.മുരളീധരന് എംഎല്‍എയും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. നരസിംഹറാവുവാണ് കരുണാകരനെ ചതിച്ചതെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം.