Main Menu

കനത്ത പൊലീസ് നിയന്ത്രണത്തിലും സന്നിധാനത്ത് നേതാക്കളില്ലാതെ സംഘടിച്ചത് നൂറുകണക്കിന് പ്രതിഷേധക്കാര്‍; പ്രതിഷേധക്കൂട്ടായ്മയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ച് പൊലീസ്

ശബരിമല: ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി നേതൃത്വം കൊടുത്തതു പോലെ സംഘടിതമായൊരു നീക്കം സന്നിധാനത്ത് ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് മണ്ഡലകാലത്ത് ഇത്രയധികം പൊലീസിനെ നിയോഗിച്ചതും മുന്‍കരുതല്‍ അറസ്റ്റ് നടപ്പാക്കിയതും. എന്നാല്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും കണക്കുകൂട്ടല്‍ തെറ്റിച്ച സംഭവമായിരുന്നു ഇന്നലെ രാത്രി അരങ്ങേറിയത്. കനത്ത പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടും സന്നിധാനത്ത് ഇത്രയധികം പേര്‍ നേതാക്കളില്ലാതെ തന്നെ സംഘടിച്ചതാണ് പൊലീസിനെ ഞെട്ടിച്ചത്.

സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനമായെങ്കിലും ഈ പ്രതിഷേധക്കൂട്ടായ്മ പൊലീസിനെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. സന്നിധാനത്ത് ഹൈന്ദവ സംഘടനാപ്രതിനിധികള്‍ കയറുന്നുണ്ടെന്ന സൂചന പൊലീസിനുണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ യോജിച്ചൊരു നീക്കം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ബിജെപിയുടെയും ശബരിമല കര്‍മ സമിതിയുടെയും നേതാക്കളെ തുടക്കം മുതല്‍ തന്നെ അറസ്റ്റ് ചെയ്യാനും അവരുടെ സന്നിധാനത്തെ സാന്നിധ്യം ഒഴിവാക്കുന്നതിനും ശ്രദ്ധിച്ചത്. അതിന്റെ ഭാഗമായാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയെയും ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെയും അറസ്റ്റ് ചെയ്തതും. ഇത്തരത്തില്‍ നേതാക്കളെ അറസ്റ്റുചെയ്യുന്നുവെന്നു കണ്ടതോടെയാണ് ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാനുള്ള സമര തന്ത്രം ഇന്നലെ ബിജെപി തുറന്നതും. പക്ഷേ അപ്പോഴും സമാന്തരമായി ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ ദര്‍ശനത്തിന് എത്തുന്നുണ്ടായിരുന്നു.മറ്റു തരത്തില്‍ പ്രതിഷേധനീക്കവുമായി സംഘടനകള്‍ മുന്നോട്ടുവരുന്നുവെന്ന സൂചനയാണ് ഇന്നലത്തെ സംഭവത്തിന്റെ ലക്ഷണങ്ങളില്‍ നിന്ന് പൊലീസ് കാണുന്നത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്