ജിഎസ്‍ടി സമ്പ്രദായം നടപ്പാക്കിയ ശേഷമുള്ള മൂന്നാമത്തെ ജിഎസ്ടി കൌണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക മാറ്റങ്ങളില്‍ യോഗം തീരുമാനമെടുക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍‍ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക് പങ്കെടുക്കും.

രാവിലെ 10 മണിയോടെ ജിഎസ്ടി കൌണ്‍സില്‍ യോഗത്തിന് തുടക്കമാകും. ഗുജറാത്തില്‍ നിന്നടക്കം ടെക്സ്റ്റെല്‍ വ്യാപരികളും നിര്‍മ്മാതാക്കളും കടുത്ത പ്രതിഷേധം തുടരുന്ന സഹാചര്യത്തില്‍ വസ്ത്ര മേഖലയുമായി ബന്ധപ്പെട്ട നികുതി നിരക്കുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കും. ജിഎസ്ടി നെറ്റ് വര്‍ക്ക് ഇതുവരെയും പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകാത്തതും ചര്‍ച്ചാ വിഷയമാകും. ഇത് സംബന്ധിച്ച് വ്യാപാരി സംഘടനകള്‍ നല്‍കിയ പരാതികളും പരിശോധിക്കും.

ജിഎസ്ടി തിരക്കിട്ട് നടപ്പാക്കിയത് രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാ ഇടിവിന് ആക്കം കൂട്ടി എന്ന വിമര്‍ശം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം. സാമ്പത്തിക തളര്‍ച്ചയുമായി ബന്ധപ്പെട്ട് ഇന്നലെ പ്രധാനമന്ത്രി അടിയന്തര ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍‍ലിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ സാഹചര്യത്തില്‍ ഇന്നത്തെ ജിഎസ്‍ടി കൌണ്‍സിലിന് ശേഷം സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള നിര്‍ണ്ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.