Main Menu

കടകംപള്ളിയുടെ ചൈനാ യാത്രക്ക് അനുമതി നിഷേധിച്ചതിന് കാരണം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി

ന്യൂഡല്‍ഹി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിന് പിറകില്‍ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി. ചൈനയിലെ ഷെങ്ഡുവില്‍ കഴിഞ്ഞ മാസം 11 മുതല്‍ 16 വരെ നടന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ 22ാമത് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുമതി തേടിയത്. ഇത് പ്രത്യേകിച്ച് കാരണമൊന്നും പറയാതെ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.

പരിപാടിയും അതിന്റെ പ്രാധാന്യവും സംഘടിപ്പിക്കുന്നവര്‍ ആരെന്നുമൊക്കെ നോക്കിയാണ് അനുമതി നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ പരിപാടിയില്‍ ഒരു മന്ത്രിയുടെ സാന്നിധ്യം രാജ്യതാത്പര്യത്തിന് ചേരുന്നതല്ലെന്ന് സര്‍ക്കാര്‍ വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആറു ദിവസം നീണ്ടു നില്‍ക്കുന്ന പൊതുസഭയിലെ ഒരു സെഷന്‍ പൂര്‍ണമായും നീക്കിവെച്ചിരുന്നത് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് എന്ന പദ്ധതിക്കായിരുന്നുവെന്ന് വിദേശകാര്യ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങിന്റെ സ്വപ്ന പദ്ധതിയാണിത്. നിര്‍ദ്ദിഷ്ട റോഡ് പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്നതിനാല്‍ ഇന്ത്യ ഈ പദ്ധതിയെ അംഗീകരിക്കുന്നില്ല. റഷ്യ പോലുള്ള രാജ്യങ്ങള്‍ തയ്യാറായിട്ടും ഇന്ത്യ ഈ പദ്ധതിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതാണെന്നും വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു. അത്തരം ഒരു പദ്ധതി ചര്‍ച്ച ചെയ്യുന്ന ചടങ്ങില്‍ ഇന്ത്യയില്‍ നിന്ന് ഒരു ജനപ്രതിനിധി പങ്കെടുക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന തീരുമാനമെടുത്തത്.

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി ചര്‍ച്ച ചെയ്യുന്ന സെഷനില്‍ എന്തെങ്കിലും തരത്തിലുള്ള പ്രമേയമോ മറ്റോ വരുകയും അവിടെ ഇന്ത്യയില്‍ നിന്നൊരു രാഷ്ട്രീയ നേതാവിന്റെ സാന്നിധ്യവും സൃഷ്ടിക്കാവുന്ന സാഹചര്യം ഒഴിവാക്കുകയാണ് ചെയ്തത്. മന്ത്രിയുടെ പങ്കാളിത്തം അനിവാര്യമല്ലെന്നും രാജ്യതാത്പര്യവുമായി ഒത്തുപോകുന്നതല്ലെന്നും കണ്ടാണ് അനുമതി നിഷേധിച്ചതെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ലയും ചൈനയിലെ ഗ്വങ്ഷൂവിലെ ഇന്ത്യന്‍ കോണ്‍സല്‍ ശൈലസ് തങ്ങളും മാത്രമാണ് പങ്കെടുത്തത്.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്