Main Menu

ഒരു അഡാര്‍ ലൗവിലെ ഗാനത്തിനെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി; മറ്റു ജോലി ഒന്നും ഇല്ലേയെന്ന് തെലങ്കാന സർക്കാരിനോട് കോടതി

ന്യൂഡല്‍ഹി: ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ ഗാനത്തിനെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കി. സുപ്രീംകോടതിയാണ് എഫ്‌ഐആര്‍ റദ്ദാക്കിയത്. തെലങ്കാന പൊലീസ് രജിസറ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആണ് റദ്ദാക്കിയത്. ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ബോര്‍ഡിനെ സമീപിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മാണിക്യ മലരായ പൂവീ എന്ന ഗാനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആണ് റദ്ദാക്കിയത്.

തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി നടത്തിയത്. സിനിമയിൽ ആരെങ്കിലും ഒരു പാട്ട് പാടും. നിങ്ങൾ അതിനെതിരെ ഉടൻ കേസ് എടുക്കും. നിങ്ങൾക്ക് മറ്റു ജോലി ഒന്നും ഇല്ലേയെന്ന് തെലങ്കാന സർക്കാരിനോട് കോടതി വാക്കാല്‍ ചോദിച്ചു.

പ്രവാചക ജീവിതം ആസ്പദമാക്കി രചിച്ച ഗാനത്തിന്‍റെ ചിത്രീകരണം അപഹാസ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു സഘം ആളുകള്‍ തെലങ്കാന പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത തെലങ്കാന പൊലീസിന്റെ നടപടിയാണ് കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

സിനിമയിലെ പാട്ടിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും പൊലീസില്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കി കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രശസ്തമായ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിൽ കണ്ണു ചിമ്മുന്നത് ദൈവ നിന്ദയായി കാണാൻ ആകില്ല. ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. നേരത്തെ ഇതേ ഹര്‍ജിയില്‍ പ്രിയക്കെതിരെ ക്രിമിനല്‍ചട്ടപ്രകാരം നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്