Main Menu

ഐടി മേഖലയില്‍ പിരിച്ചുവിടല്‍ ശക്തമായതോടെ ട്രേഡ് യൂണിയനുകളുണ്ടാക്കാന്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍

തിരുവനന്തപുരം: ഐടി രംഗത്തെ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേരളത്തിലും ട്രേഡ് യൂണിയന്‍ ആരംഭിക്കാനൊരുങ്ങുകയാണ് ടെക്കികള്‍. കമ്പനികളുടെ ചൂഷണങ്ങള്‍ക്ക് പുറമെ പിരിച്ചുവിടല്‍ ശക്തമായതോടെയാണ് തൊഴിലാളി സംഘടന എന്ന ആശയത്തിലേക്ക് ടെക്‌നോപാര്‍ക്ക് ജീവനക്കാരെത്തിയത്. ടിസിഎസ് ഉള്‍പ്പെടെയുള്ള ലാഭം നേടിയെടുക്കുന്ന വമ്പന്‍ കമ്പനികളാണ് വന്‍തോതില്‍ ജീവനക്കാരെ ടെക്‌നോപാര്‍ക്കില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

1000 ജീവനക്കാരുള്ള ഇരുപത്തിയഞ്ചോളവും 500 ജീവനക്കാരുള്ള 25 ഉം ചെറുതും വലുതുമായ 250 കമ്പനികളുമാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. പിരിച്ചുവിടുന്നതുസംബന്ധിച്ച് കമ്പനികളൊന്നും വ്യക്തമായ വിശദീകരണം നല്‍കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി.

പത്തുവര്‍ഷത്തിലധികം തൊഴില്‍ പരിചയമുള്ള ജീവനക്കാരെ വരെ ഇതിനോടകം പിരിച്ചുവിട്ടു കഴിഞ്ഞു. പ്രൊജക്റ്റുകള്‍ നഷ്ടപ്പെട്ടു പുറത്താകുന്ന അവസ്ഥ, ചെറു കമ്പനികള്‍ വിദേശ കമ്പനികളില്‍ ലയിക്കുമ്പോള്‍ കമ്പനിയുടെ ആസ്ഥാനം അവിടേയ്ക്ക് മാറ്റേണ്ട സാഹചര്യം എന്നിവയാണ് പിരിച്ചുവിടുന്നതിനുള്ള കാരണങ്ങളായി പറയുന്നതെങ്കിലും ഓട്ടോമേഷന്‍ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് തുടങ്ങിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഐടി രംഗത്ത് ചുവടുറപ്പിക്കുമ്പോള്‍ ജീവനക്കാര്‍ അധികം ഇല്ലാതെ തന്നെ കമ്പനികള്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ്് പിരിച്ചുവിടലിന് കാരണം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വമ്പന്‍ കമ്പനികളെല്ലാം ഈ സാങ്കേതിക വിദ്യ പൂര്‍ണ്ണമായി നടപ്പാക്കാനാണ് തീരുമാനം.

അങ്ങനെയെങ്കില്‍ ജീവനക്കാരെ ഒഴിവാക്കി ഉയര്‍ന്ന ലാഭം കൊയ്യാനും കഴിയും. ഇതു മുന്നില്‍കണ്ടാണ് ഇപ്പോഴുള്ള പിരിച്ചുവിടലെന്നും ജീവനക്കാര്‍ പറയുന്നു. മുതിര്‍ന്ന ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുമ്പോള്‍ ഉയര്‍ന്ന ശമ്പളവും നല്‍കേണ്ടി വരും. ഇത് ഒഴിവാക്കി ചെറുപ്പക്കാരെ കുറഞ്ഞവേതനത്തില്‍ നിയമിക്കാനാണ് ഇവരുടെ തീരുമാനം. ടെക്‌നോപാര്‍ക്കിലെ പ്രമുഖ കമ്പനികളെല്ലാം ഈ മാര്‍ഗം സ്വീകരിക്കാന്‍ തുടങ്ങിയതോടെ ഒരു വിഭാഗം ജീവനക്കാര്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും അനുകൂല നിലപാടു വൈകുന്ന സാഹചര്യത്തില്‍ തൊഴിലാളി യൂണിയന്‍ ആരംഭിക്കുകയല്ലാതെ മറ്റു വഴിയില്ല.

തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ബംഗളുരുവില്‍ ആരംഭിച്ച ട്രേഡ് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയാണിപ്പോള്‍ ടെക്കികള്‍. കമ്പനികളുടെ നിലപാടിന് മാറ്റമില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ഐടി പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളിച്ചുള്ള യൂണിയന്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാനാണ് തീരുമാനം.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്