Main Menu

ഏഷ്യാകപ്പ് പോരാട്ടം തുടങ്ങുന്നു; ഹോങ്കോങല്ല ഇന്ത്യയുടെ ലക്ഷ്യം മറ്റുചിലത്

ഇംഗ്ലീഷ്പ്പടയില്‍ നിന്നേറ്റ പ്രഹരം ഇന്ത്യന്‍ ടീമിന് മറക്കാന്‍ സാധിച്ചിട്ടില്ല. അതിന് മുമ്പെ ഏഷ്യാകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുകയാണ് ഇന്ത്യ. പൊടിപാറുന്ന പോരാട്ടത്തിന് ഇന്ന് തുടക്കം കുറിക്കും. ഇന്ത്യന്‍ നായകനെ പുറത്തിരുത്തിയാണ് പോരാട്ടത്തിന് ഇന്ത്യന്‍ നിര ഇറങ്ങുന്നത്. കോഹ്‌ലിയ്ക്ക് വിശ്രമം നല്‍കിയിരിക്കുന്നതിനാല്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. ആദ്യ മത്സരത്തില്‍ ദുര്‍ബലരായ ഹോങ്കോങിനെയാണ് ഇന്ത്യ നേരിടുക. തൊട്ടടുത്ത ദിവസം തന്നെ പാകിസ്താനേയും ഇന്ത്യ നേരിടും. ശ്രീലങ്കയോട് പരാജയപ്പെട്ടതോടെ ഇന്ത്യയ്‌ക്കെതിരെ എത് വിധേനയും പൊരുതുക എന്നതായിരിക്കും ഹോങ്കോങിന്റെ ലക്ഷ്യം.

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഹോങ്കോങിനെ ഇന്ത്യ അനായാസം മറികടക്കും. എന്നാല്‍, നാളെ ഇന്ത്യയുടെ ലക്ഷ്യം വിജയം മാത്രമായിരിക്കില്ല. മറിച്ച് വിന്നിങ് ഫോര്‍മേഷന്‍ കണ്ടെത്തുക എന്നതായിരിക്കും പ്രധാന ലക്ഷ്യം. നായകന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. കെഎല്‍ രാഹുലും കേദാര്‍ ജാദവും മധ്യനിരിയിലുണ്ടാകും. ടൂര്‍ണമെന്റില്‍ ബൗളിങ് നിയന്ത്രിക്കുക ഭുവനേശ്വറും ബുംറയും കുല്‍ദീപും ചാഹലുമായിരിക്കും.

വരാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ടായിരിക്കും ഇന്ത്യയുടെ പരീക്ഷണം. നമ്പര്‍ ഫോറില്‍ ആരായിരിക്കും ഇറങ്ങുക എന്നതാണ് പ്രധാനമായും തീരുമാനിക്കേണ്ടത്. മുന്‍ ക്യാപ്റ്റന്‍ ധോണി ഈ സ്ഥാനത്തിറങ്ങണമെന്ന മുന്‍ താരം സഹീറിന്റെ വാക്കുകള്‍ ടീം കേട്ടെന്നു വരാം. കോഹ്‌ലി ഇല്ലാത്തതിനാല്‍ മൂന്നാമത് ആരായിരിക്കും എന്നതും കണ്ടറിയേണ്ടതാണ്.

ധോണിയുടെ ഫോം കുറച്ചു നാളായി ഇന്ത്യയുടെ ആശങ്കയാണ്. അതുകൊണ്ട് താരത്തെ നേരത്തെ ഇറക്കി ഫോമിലാകാനുള്ള സമയം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ ഫിനിഷിങ് മികവ് പണ്ടത്തെ പോലെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ധോണിയ്ക്ക് അനുയോജ്യമായ ഇടം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവരുടെ മടങ്ങി വരവിനുള്ള അവസരമായതിനാല്‍ അവരുടെ പ്രകടനവും ശ്രദ്ധേയമാകും. ഓസീസ് പര്യടനത്തിനുള്ള ടീമിലിടം നേടുക എന്നതായിരിക്കും മൂന്ന് പേരുടേയും ലക്ഷ്യം. പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന ഭുവനേശ്വറിന് വാം അപ്പ് മാച്ചിന് തുല്യമായിരിക്കും ഹോങ്കോങിന് എതിരായ മത്സരം. പുതുമുഖ താരം ഖലീല്‍ അഹമ്മദിന്റെ അരങ്ങേറ്റത്തിന് നാളെ ചിലപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ സാധിക്കും.

ബുധനാഴ്ച നടക്കുന്ന പാകിസ്താനെതിരായ മത്സരത്തിനായി ബൂംമ്രയെ മുന്‍ക്കൂട്ടി ഇന്ത്യ നീക്കിവെച്ചിരിക്കുമെന്നാണ് വിലയിരുത്തല്‍. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ ഇടം പിടിച്ചേക്കും. അതുപോലെ തന്നെ രോഹിത് ശര്‍മയ്ക്ക് തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിക്കാനുള്ള അവസരവുമാണിത്. ഇംഗ്ലണ്ടിലെ മോശം പ്രകടനത്തിന്റെ പേരില്‍ ശാസ്ത്രിയും കോഹ്‌ലി വിമര്‍ശനം കേട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഹിത്തിന്റെ നായകസ്ഥാനത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കുന്നത്.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്