Main Menu

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് രണ്ടാമങ്കത്തിന്, എതിരാളികള്‍ യു.എ.ഇ

അബുദാബി: നോക്കൗട്ട് പ്രതീക്ഷകളുമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് രണ്ടാമങ്കത്തിനിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ ആതിഥേയരായ യു.എ.ഇ.യാണ് എതിരാളി. സയിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 9.30നാണ് കിക്കോഫ്.

ആദ്യമത്സരത്തില്‍ തായ്‌ലാന്‍ഡിനെ 4-1 ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസമാണ് ഇന്ത്യയുടെ പ്രതീക്ഷ. മികച്ച കളിയും ഗോളുകളും വന്നത് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയിനെയും ആഹ്ലാദിപ്പിക്കുന്നു. മുന്നേറ്റത്തില്‍ മലയാളി താരം ആഷിഖ് കുരുണിയനെ കളിപ്പിച്ച തന്ത്രം വിജയംകണ്ടു. മധ്യനിരയില്‍ പ്രണോയ് ഹാല്‍ദാര്‍ അനിരുദ്ധ് ഥാപ്പ സഖ്യം മികച്ചരീതിയില്‍ കളിക്കുന്നതും സുനില്‍ ഛേത്രിയുടെ സ്‌കോറിങ് മികവും സന്ദേശ് ജിംഗാനും അനസ് എടത്തൊടികയും നേതൃത്വം നല്‍കുന്ന പ്രതിരോധത്തിന്റെ കരുത്തും പരിശീലകന് ആത്മവിശ്വാസം പകരുന്നു. ഗ്രൂപ്പില്‍ മൂന്ന് പോയന്റുമായി ഇന്ത്യയാണ് മുന്നില്‍.

ലോകറാങ്കിങ്ങില്‍ 79ാം സ്ഥാനത്തുള്ള യു.എ.ഇ.യാണ് ഗ്രൂപ്പ് എയിലെ ഏറ്റവും ശക്തര്‍. ആദ്യമത്സരത്തില്‍ ബഹ്‌റൈനോട് സമനില വഴങ്ങിയെങ്കിലും അവരുടെ കളിമികവിനെ കുറച്ചുകാണാന്‍ കഴിയില്ല. ഇറ്റാലിയന്‍ പരിശീലകന്‍ ആല്‍ബര്‍ട്ടോ സഖറോണി ഒരുക്കുന്ന ടീമിന് ടൂര്‍ണമെന്റില്‍ സുഗമമായി മുന്നോട്ടുപോകാന്‍ ജയം ആവശ്യവുമാണ്.

ആദ്യമത്സരം കളിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. 4-4- 1-1 ശൈലിയില്‍ കളിക്കുന്ന ടീമില്‍ ഛേത്രിക്കൊപ്പം സപ്പോര്‍ട്ടിങ് സ്‌ട്രൈക്കറായി ആഷിഖ് കളിക്കും. മധ്യനിരയില്‍ ക്രിയേറ്റീവ് മിഡ്ഫീല്‍ഡറായി അനിരുദ്ധ് ഥാപ്പയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി പ്രണോയ് ഹാല്‍ദാറും ഇറങ്ങും. വിങ്ങുകളില്‍ ഉദാന്ത സിങ്ങും ഹോളിച്ചരണ്‍ നര്‍സാറിയുമുണ്ടാകും. ജിംഗാന്‍-അനസ്-സുബാഷിഷ് ബോസ്-പ്രീതം കോട്ടാല്‍ പ്രതിരോധത്തിലും ഗുര്‍പ്രീത് സിങ് സാന്ധു ബാറിനു കീഴിലും അണിനിരക്കും.

2015ല്‍ ഏഷ്യയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അലി മബ്ഖൗതിനെ മുഖ്യ സ്‌ട്രൈക്കറാക്കിയാണ് യു.എ.ഇ. കളിക്കുന്നത്. അഹമ്മദ് ഖലില്‍ രണ്ടാം സ്‌ട്രൈക്കറായുണ്ടാകും. മധ്യനിരയില്‍ പരിക്കേറ്റ ഒമര്‍ അബ്ദുറഹ്മാന്‍ കളിക്കാനില്ലാത്തത് ടീമിന് തിരിച്ചടിയാണ്. സെയ്ഫ് റാഷിദ് ആദ്യ ഇലവനിലേക്ക് വരുമ്പോള്‍ ഖാമിസ് ഇസ്മയിലും അല്‍ ഹമ്മാദിയും കളിക്കാനുണ്ടാകും. പ്രതിരോധത്തിന് ഫാറെസ് ജുമയും ഖലിഫ മുബാറക്കും നേതൃത്വം നല്‍കും

ആറ് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് പുറമേ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കുകൂടി പ്രീക്വാര്‍ട്ടറിലേക്ക് അവസരം ലഭിക്കും. തായ്‌ലാന്‍ഡിനോട് മികച്ച ജയം നേടിയതോടെ ഇന്ത്യയ്ക്ക് നോക്കൗട്ട് ഘട്ടത്തിലേക്ക് കയറാന്‍ മികച്ച അവസരം തുറന്നുകിട്ടിയിട്ടുണ്ട്. അത് നഷ്ടപ്പെടാത്ത തരത്തിലുള്ള ഗെയിംപ്ലാനാകും യു.എ.ഇ.യ്‌ക്കെതിരെ പുറത്തെടുക്കുന്നത്.

ആദ്യകളിയിയുടെ ആദ്യപകുതിയില്‍ പ്രതിരോധത്തിലൂന്നിയുള്ള പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയത്. രണ്ടാം പകുതിയില്‍ പ്രസ്സിങ് ഗെയിമും പുറത്തെടുത്തു. യു.എ.ഇ.യ്‌ക്കെതിരേ പ്രതിരോധാത്മക തന്ത്രം പുറത്തെടുക്കാനാണ് സാധ്യത.

ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഫുട്‌ബോളാകും യു.എ.ഇ. കളിക്കുന്നത്. ഛേത്രിയിലേക്ക് പന്തെത്താതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്