Main Menu

എല്ലിന്റെ പൊട്ടലൊന്നും പ്രശ്‌നമല്ല; ഒറ്റക്കയ്യില്‍ ബാറ്റുമായി കളിക്കളത്തില്‍; സഞ്ജുവിന് ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി

വയനാട്: രഞ്ജി ട്രോഫി മല്‍സരത്തിനിടെ, പരുക്കേറ്റിട്ടും വകവയ്ക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ സഞ്ജു സാംസണിന് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി. ഗുജറാത്തിനെതിരായ ക്വാര്‍ട്ടര്‍ മല്‍സരത്തിനിടെയാണ് പരുക്കേറ്റ കൈയ്യുമായി സഞ്ജു ഇറങ്ങിയത്. ബോളര്‍മാരെ കൈവിട്ടു സഹായിക്കുന്ന കൃഷ്ണഗിരിയില്‍, കേരളം ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നതോടെയാണ് സഞ്ജു പതിനൊന്നാമനായി ക്രീസിലെത്തിയത്. കൈവിരലിലെ പൊട്ടല്‍ അവഗണിച്ച് ഒറ്റക്കൈ കൊണ്ടായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. സഞ്ജുവിനെ കൂട്ടുപിടിച്ച് ജലജ് സക്‌സേന എട്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ സഞ്ജു പുറത്താവുകയും ചെയ്തു. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ രണ്ട് ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടി കേരളത്തെ ക്വാര്‍ട്ടറിലേക്കു നയിച്ചതിനു പിന്നാലെയാണ് ക്വാര്‍ട്ടര്‍ പോരിനിടെ പരുക്ക് വില്ലനായെത്തിയത്.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. ഗുജറാത്ത് ബോളര്‍ കലേരിയയുടെ പന്തുകൊണ്ട് സഞ്ജുവിന്റെ വലതുകയ്യിലെ മോതിരവിരലിനാണ് പരുക്കേറ്റത്. ഗ്ലൗ ധരിച്ചിരുന്നെങ്കിലും കടുത്ത വേദന അനുഭവപ്പെട്ടതോടെയാണു കളി നിര്‍ത്താന്‍ തീരുമാനിച്ചത്. എക്‌സറേയില്‍ എല്ലിന് പൊട്ടലുണ്ടെന്നു തെളിഞ്ഞു. പ്ലാസ്റ്റര്‍ ഇട്ടു. വിരല്‍ അനക്കരുതെന്നും മൂന്നാഴ്ചത്തെ പൂര്‍ണവിശ്രമം വേണമെന്നുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ത്തന്നെ പാതിവഴിയില്‍ കേരളത്തിന് സഞ്ജുവിന്റെ സേവനം നഷ്ടമായിരുന്നു.

എങ്കിലും നിര്‍ണായക കളി ആയിരുന്നതിനാല്‍ രണ്ടാം ഇന്നിങ്‌സില്‍ ആവശ്യമെങ്കില്‍ പതിനൊന്നാമനായി ഇറങ്ങാമെന്ന് സഞ്ജു ടീമിനെ അറിയിക്കുകയായിരുന്നു. സിജോമോനും സക്‌സേനയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ സ്‌കോറിങ് വേഗത കൂട്ടുന്നതിനിടയിലാണു കൂട്ടുകെട്ടിന്റെ അന്തകനായി കലേറിയയെത്തിയത്. സിജോമോന്‍ പുറത്തായി അടുത്ത പന്തില്‍ ബേസില്‍ തമ്പി (0) യും തൊട്ടടുത്ത ഓവറില്‍ സന്ദീപ് വാരിയരും (0) ഔട്ട്.

കേരളം 9-163 എന്ന നിലയിലായെങ്കിലും ജലജ് സക്‌സേന ഒരറ്റത്ത് ചെറുത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് സഞ്ജു ക്രീസിലിറങ്ങാന്‍ തീരുമാനിച്ചത്. വലതുഗ്ലൗവില്‍ പ്ലാസ്റ്റര്‍ ഇട്ട വിരല്‍ കയറ്റാന്‍ ഗ്ലൗവിലെ ആ ഭാഗം മുറിച്ചുകളഞ്ഞിരുന്നു. ഇടത്തേകൈ കൊണ്ട് ബാറ്റുവീശി 9 പന്തുകള്‍ നേരിട്ട സഞ്ജുവിനെ അക്‌സര്‍ പട്ടേല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. അപ്പോഴേക്കും കേരള ഇന്നിങ്‌സിലേക്ക് വിലപ്പെട്ട എട്ടു റണ്‍സ് കൂടി സക്‌സേന കൂട്ടിച്ചേര്‍ത്തിരുന്നു.Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്