Main Menu

എന്‍സിപി ലയനം; കേരളാ കോണ്‍ഗ്രസ് ബിയില്‍ ഭിന്നത, ഗണേഷ് കുമാര്‍ മടങ്ങി

കോഴിക്കോട്: എന്‍സിപിയില്‍ ലയിക്കുന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ബിയില്‍ ഭിന്നത. ലയനം പാര്‍ട്ടിയുടെ അസ്ഥിത്വം ഇല്ലാതാക്കുമെന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ നിലപാട്. എന്നാല്‍ ലയന തീരുമാനവുമായി മുന്നോട്ട് പോകാനാണ് കോഴിക്കോട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം.

പാര്‍ട്ടിയുടെ ശക്തി മുന്നണിയെ ബോധിപ്പിക്കാന്‍ കഴിയണം. മുന്നണിപ്രവേശനം സാധ്യമാക്കേണ്ടത് ഇങ്ങനെയാണ്. അല്ലാതെയുള്ള ലയനം പാര്‍ട്ടിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ നിലപാട്. കോഴിക്കോട് നടന്ന മലബാര്‍ മേഖല സമ്മേളന ചര്‍ച്ചയില്‍ ഗണേഷ് കുമാര്‍ നിലപാട് വ്യക്തമാക്കി. മലബാറിലെ ചില ജില്ലാ കമ്മിറ്റികളുടെ പിന്തുണയും ഗണേഷിന് ലഭിച്ചു. എന്നാല്‍ ലയനം വേണമെന്ന നിലപാടില്‍ ആര്‍.ബാലകൃഷ്ണപിള്ള ഉറച്ചു നിന്നു.

ഇതോടെ സമ്മേളനത്തിന് ശേഷമുള്ള ഉന്നതാധികാര സമിതി യോഗത്തിന് നിക്കാതെ ഗണേഷ് കുമാര്‍ മടങ്ങി. ലയന തീരുമാനവുമായി മുന്നോട്ട് പോവാനാണ് ഉന്നതാധികാര സമിതി യോഗത്തിലെ തീരുമാനം. എന്‍സിപിയുമായുള്ള ചര്‍ച്ചകള്‍ക്കായി നാലംഗ സമിതിയെ നിയോഗിച്ചതായി ബാലകൃഷ്ണപിള്ള അറിയിച്ചു.

ലയനത്തിനെതിരെ എന്‍സിപിക്കുള്ളില്‍ ഭിന്നതയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചര്‍ച്ചക്കായി തോമസ് ചാണ്ടി, ടി.പി പീതാംബരന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍സിപി കേരളാ കോണ്‍ഗ്രസ് ഉപസമിതികള്‍ ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.



Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലനാട് ഓൺലൈനിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്