അന്തരിച്ച എൻസിപി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയന്റെ സംസ്കാരം ഇന്ന് നടക്കും. കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കാണ് ഉഴവൂർ വിജയന്റെ സംസ്കാരം. ജന്മനാടയ ഉഴവൂർ കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10 മണിക്ക് അന്തിമോപചാരം അർപ്പിക്കും. എൻസിപി ദേശീയ സെക്രട്ടറി താരീക്ക് അൻവർ ഉൾപ്പടെയുള്ള നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ഇന്നലെ കോട്ടയം തിരുന്നക്കര മൈതാനം, ഉഴവൂരിലെ കെആർ നാരായണൻ എൽപി സ്കൂൾ എന്നിവിടങ്ങളിൽ ഉഴവൂരിന്റെ ഭൗതീക ശരീരം പൊതു ദർശനത്തിനു വെച്ചിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് ഉഴവൂരിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തുന്നത്. ഇന്ന് വീട്ടിൽ 11മണി വരെ പൊതുദർശനം ഉണ്ടാകും.

ഇന്നലെ രാവിലെയായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉഴവൂർ വിജയൻ മരണത്തിന് കീഴടങ്ങിയത്. ഉദര സംബന്ധമായ രോഗത്തെ തുടർന്ന് ഈ മാസം പതിനൊന്നാം തീയതി മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.